മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവനിൽ ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് പാടുന്നു. ആകെ നാലുപാട്ടുകളാണ് ചിത്രത്തിലുള്ളത്. യേശുദാസിന് പുറമേ പി. ജയചന്ദ്രനും ഗാനമാലപിക്കുന്നുണ്ട്. ദീപക് ദേവാണ്സംഗീതം. ജൂൺ ഒന്നിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഗാനഗന്ധർവനിൽ അടിപൊളിപ്പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇതുവരെ മമ്മൂട്ടി അവതരിപ്പിക്കാത്ത കഥാപാത്രമാണിത്. നാലു നായികമാരാണ് ഇൗ ചിത്രത്തിലുള്ളത്. അതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്.
മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, മോഹൻജോസ് തുടങ്ങിയവർ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ രമേഷ് പിഷാരടി എന്റർടെയ്മെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. കഥയും തിരക്കഥയും രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്നാണ് എഴുതിയിരിക്കുന്നത്. പൂർണമായും കൊച്ചിയിൽ വച്ചാണ് ചിത്രീകരണം. ഗാനഗന്ധർവനുശേഷം മമ്മൂട്ടി അഭിനയിക്കുന്നത് അജയ് വാസുദേവന്റെ ചിത്രത്തിലാണ്. അതിനുശേഷം വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന അമീർ എന്ന ചിത്രത്തിൽ അഭിനയിക്കും.