മെന്റലിസ്റ്റ് ആദിയും മോഹൻലാലും ചേർന്നുള്ള ഷോയ്ക്ക് അന്തിമ രൂപമായി. ഇൻ കോൺവെർസേഷൻ വിത്ത് ഫയർ ഫ്ളൈസ് എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം ബറോസിന്റെ ചിത്രീകരണത്തിന് മുൻപ് നടക്കും. മെന്റലിസ്റ്റ് ആദിയുടെ ജീവിതത്തിലുണ്ടായ ഒരു അനുഭവമാണ് ഈ സ്റ്റേജ് ഷോയ്ക്കു ആധാരം. ഒന്നര വർഷം മുൻപാണ് ആദി മോഹൻലാലിനോട് ഈ ആശയം പറയുന്നത്. ഉടൻ തന്നെ മോഹൻലാൽ ഇതിൽ പങ്കാളിയാകാനുള്ള തന്റെ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിൽ വച്ചും ഈ പ്രോഗ്രാം അവതരിപ്പിക്കും.ആദിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് മോഹൻലാൽ ഇന്നലെ തന്റെ ഫേസ് ബുക്ക് പേജിൽ പ്രോഗ്രാമിന്റെ പോസ്റ്റർ റിലീസ് ചെയ്യുകയുണ്ടായി.കഴിഞ്ഞ വർഷം ചെയ്യാനിരുന്ന പ്രൊജക്ടാണിത്.എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു.
അതേ സമയം നാല് ദിവസത്തെ ബ്രേക്കിന് ശേഷം മോഹൻലാൽ ഇന്നലെ വീണ്ടും ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ലൊക്കേഷനിൽ ജോയിൻ ചെയ്തു.കൊച്ചിയിലാണ് ഇപ്പോൾ ചിത്രീകരണം.ഏതാനും ദിവസത്തിന് ശേഷം തൃശൂരിലേക്ക് ഷിഫ്ട് ചെയ്യും.
ഇട്ടിമാണിക്ക് ശേഷം മോഹൻലാൽ ജൂലായ് ഒന്നിന് സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിൽ അഭിനയിച്ചു തുടങ്ങും.ഇതിനിടയിൽ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമായ ബറോസിന്റെ പ്ളാനിംഗ് വർക്കുകളിൽ മോഹൻലാൽ സജീവമാകും.ഒക്ടോബറിലാണ് ബറോസിന്റെ ചിത്രീകരണം തുടങ്ങുന്നത്.കെ.യു മോഹനനാണ് ഛായാഗ്രാഹകൻ.