തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോൽവിക്ക് കാരണം ശബരിമലയാണെന്ന് മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷൻ ചെയർമാനും കേരള കോൺഗ്രസ് (ബി) അദ്ധ്യക്ഷനുമായ ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു. ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്തത് ശരിയായില്ലെന്നും വിശ്വാസികളുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ടല്ലാതെ ശബരിമല പ്രശ്നം പരിഹരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ച നിലപാടാണ് ശരി. വിശ്വാസം സംരക്ഷണ നിലപാടായിരുന്നു എൻ.എസ്.എസിന്റേത്. വിശ്വാസത്തിന്റെ മേൽ ഏത് സർക്കാരും എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മാറ്റാനാവില്ല. ഈ തിരഞ്ഞെടുപ്പിൽ ഇതര മതസ്ഥരെയും ശബരിമല കാര്യമായി സ്വധീനിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ സർക്കാരിന് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടെത് തിരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടിയായി- ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പ് ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെ അനുകൂലിച്ച് ആർ.ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരുന്നു.