vt-balram

തിരുവനന്തപുരം: ഇടതുപക്ഷത്തെ ചിലർ നടത്തിയ വിടുവായത്തങ്ങൾക്ക് ഫലപ്രഖ്യാപനത്തിന് ശേഷം മറുപടി പറയാമെന്നാണ് കരുതിയതെന്നും എന്നാൽ ഇപ്പോൾ അതിനൊരു മൂഡ് തോന്നുന്നില്ലെന്നും വി.ടി.ബൽറാം എം.എൽ.എ പറഞ്ഞു. അത്രയ്‌ക്ക് ദയനീയമാണ് അവരുടെ തോൽവി. കേരളത്തിലെ സി.പി.എമ്മിന്റെ തോൽവിയിൽ യു.ഡി.എഫുകാർ സന്തോഷിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിന് പകരമായി സി.പി.എം ആഹ്ലാദിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ തോൽവിയിലാണെന്നും ഇത് കാണുമ്പോൾ സഹതാപം തോന്നുന്നുവെന്നും ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിലെ സിപിഎമ്മിന്റെ പരാജയത്തിൽ യുഡിഎഫുകാർ സന്തോഷിക്കുന്നത് സ്വാഭാവികമാണ്. കാരണം, ബിജെപി കാര്യമായ ശക്തിയല്ലാത്ത കേരളത്തിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ വേണ്ടിത്തന്നെയാണ് യുഡിഎഫിന്റെ 20 സ്ഥാനാർത്ഥികളും മത്സരിച്ചത്. മോദി സർക്കാരിനെതിരെ എന്നത് പോലെ പിണറായി വിജയൻ സർക്കാരിനെതിരെയും ശക്തമായ എതിർപ്പാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ഉയർത്തിയത്. സ്വന്തം അധ്വാനത്തിന് റിസൾട്ടുണ്ടാവുമ്പോൾ ഏവർക്കും സംതൃപ്തിയും സന്തോഷവും ഉണ്ടാകും. എന്നിട്ട് പോലും സിപിഎമ്മിന്റെ സമ്പൂർണ്ണ തകർച്ചയെ അതിരുവിട്ട് ആഘോഷിക്കാൻ യുഡിഎഫുകാരായ പലരും കടന്നുവരുന്നില്ല എന്നതാണ് ഇത്തവണ പൊതുവിൽ കാണുന്നത്. തോറ്റിട്ടും നിർത്താത്ത ന്യായീകരണരോദനങ്ങൾക്കും മതന്യൂനപക്ഷങ്ങളോടുള്ള ആക്ഷേപങ്ങൾക്കുമൊക്കെയുള്ള മറുപടി നേരിട്ടും ട്രോളായും ചിലരൊക്കെ പറയുന്നു എന്നേയുള്ളൂ. പലരുടേയും വിടുവായത്തങ്ങൾക്ക് 23ന് ശേഷം മറുപടി നൽകാമെന്ന് കരുതി മാറ്റിവച്ചിരുന്ന എനിക്ക് പോലും ഇപ്പോൾ അതിനൊരു മൂഡ് തോന്നുന്നില്ല, കാരണം അത്രത്തോളം ദയനീയമാണ് അവരുടെ തോൽവി.

എന്നാൽ പകരമായി സിപിഎം ആഹ്ലാദിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ തോൽവിയിലാണ്, അതായത് അവിടങ്ങളിലെ ബിജെപിയുടെ വിജയത്തിലാണ്. രാഹുൽ ഗാന്ധിയുടെ അമേഠിയിലെ തോൽവിയാണ് ഇവർ ഏറെ ആഘോഷമാക്കുന്നത്. പോരാളി ഷാജി നിലവാരത്തിലുള്ള സൈബർ സഖാക്കൾ മാത്രമല്ല, എംഎം മണിയും കെടി ജലീലുമടക്കമുള്ള സിപിഎമ്മിന്റെ മന്ത്രിമാർ വരെ ഈ ആഘോഷക്കമ്മിറ്റിക്ക് നേതൃത്വം നൽകുകയാണെന്ന് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. ഇന്ത്യയിൽ ഇടതുപക്ഷത്തിന് ആകെക്കിട്ടിയ അഞ്ച് സീറ്റുകളിൽ നാലിലും ഇതേ രാഹുൽ ഗാന്ധിയുടെ കൂടി വിയർപ്പുണ്ടായിരുന്നു എന്നത് മറന്നുകൊണ്ടാണ് ഇവരൊക്കെ അർമ്മാദിക്കുന്നത്. ആയിക്കോളൂ, ഇനിയും എത്രയാന്ന് വച്ചാൽ ആയിക്കോളൂ. കേരളത്തിലെ ജനങ്ങൾക്ക് നിങ്ങളെയൊക്കെ കൂടുതൽ തിരിച്ചറിയാൻ അത് ഉപകരിക്കും. ആൾ ദ ബെസ്റ്റ്.