bjp

തിരുവനന്തപുരം: ശബരിമല സമരത്തിൽ തങ്ങൾക്കൊപ്പം നിന്നവർ തിരഞ്ഞെടുപ്പിൽ സഹായിച്ചില്ലെന്ന വിമർശനവുമായി ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാർ രംഗത്തെത്തി. യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ സമരം ചെയ്‌ത പ്രസ്ഥാനങ്ങൾ പലതും യു.ഡി.എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം പാർട്ടി നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.എസ്.എസിനെ പേരെടുത്ത് പറയാതെയുള്ള വിമർശനം ഒരു സ്വകാര്യ ചാനലിനോടായിരുന്നു.

അതേസമയം, അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും നേടാനാവാത്തത് ബി.ജെ.പിയിൽ കനത്ത പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും ബി.ജെ.പിക്ക് അനുകൂല തരംഗമുണ്ടായിട്ടും അത് കേരളത്തിൽ ഉപയോഗിക്കാനാവാത്തത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പാർട്ടിയിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. കേരളത്തിൽ ഏതാണ്ടെല്ലാ സീറ്റുകളിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായെങ്കിലും പാർട്ടി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തിയിരുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് കേവലം 33,806 വോട്ടുകൾ മാത്രമാണ് കൂടുതൽ നേടാനായതെന്നും ചർച്ചയാകും. തൊട്ടടുത്ത മണ്ഡലത്തിൽ മത്സരിച്ച ശോഭാ സുരേന്ദ്രൻ ഒന്നര ലക്ഷത്തിലധികം വോട്ടുകൾ നേടിയപ്പോഴാണ് കുമ്മനത്തിന്റെ ദയനീയ പ്രകടനം. എന്നാൽ ഇത്രയും വലിയ തിരിച്ചടി എങ്ങനെയുണ്ടായെന്ന് കണ്ടെത്താനായി ബൂത്ത് തലം മുതലുള്ള പരിശോധന ബി.ജെ.പി തുടങ്ങിയിട്ടുണ്ട്.

അതിനിടെ, ശബരിമല വിഷയത്തിൽ എൻ.എസ്.എസിന്റെ നിലപാട് ശരിയായിരുന്നുവെന്ന ആർ.ബാലകൃഷ്‌ണപിള്ളയുടെ പ്രസ്‌താവന ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

ഹൈന്ദവർക്കെന്ന പോലെ തന്നെ ക്രിസ്‌ത്യൻ - മുസ്ലീം ജനവിഭാത്തിലെ അനേകർക്കും ശബരിമലയും അവിടുത്തെ ആചാര അനുഷ്‌ഠാനങ്ങളും പരമ പ്രധാനമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ എത്ര ശക്തരായാലും മത വിശ്വാസത്തിന് മുന്നിൽ ദുർബലമാകും. ഇതിന് കേരളത്തിൽ മുൻകാല സംഭവങ്ങൾ തെളിവാണെന്ന് പറഞ്ഞ പിള്ള എൻ.എസ്.എസ് നിലപാടാണ് ശരിയെന്നും കൂട്ടിചേർത്തു. കേന്ദ്രത്തിൽ ബി.ജെ.പി ഉയർത്തുന്ന ഭീഷണിക്ക് ബദൽ കോൺഗ്രസാണെന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങൾ വിശ്വസിച്ചെന്നും സി.പി.എമ്മിന് ഡൽഹിയിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന പ്രചാരണങ്ങളിൽ അവർ വശംവദരായെന്നും പിള്ള പറഞ്ഞു.