കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വടകരയിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിൽ വന്നു. നാദാപുരം, വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ നിലവിൽ വന്നത്. നാളെ രാവിലെ പത്ത് മണി വരെ നിരോധനാജ്ഞ നിലനിൽക്കും.
കഴിഞ്ഞ ദിവസവും പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ റൂറൽ ജില്ലയിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു ദിവസത്തേക്ക് ജില്ല കലക്ടറുടെ നിർദേശപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി റൂറൽ എസ്.പി യു. അബ്ദുൾ കരീം അറിയിച്ചിരുന്നു. പൊതു സ്ഥലങ്ങളിൽ 10ൽ കൂടുതലാളുകൾ കൂട്ടംകൂടി നിൽക്കുവാനോ, ആയുധങ്ങൾ കൊണ്ടുനടക്കുവാനോ ജാഥ നടത്തുവാനോ പൊതുസമൂഹത്തിന്റെ സമാധാനത്തിന് ഭീഷണി ഉണ്ടാക്കുന്ന ഒരു പ്രവർത്തനങ്ങളിലും ഇടപെടാനോ പാടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.