കേരളത്തിൽ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫിന് നേരിട്ട കനത്ത തിരിച്ചടിയിൽ നിന്ന് എന്തെങ്കിലും പാഠം പഠിക്കാൻ അവർ തയ്യാറാവുമോ?വലിയ പരാജയം നേരിട്ടുവെന്നും, അത് പാർട്ടി പരിശോധിക്കുമെന്നുമൊക്കെയുള്ള നേതാക്കൻമാരുടെ പ്രസ്താവനകൾ വരുന്നുണ്ടെങ്കിലും അത്തരം ഒരു വിലയിരുത്തലിന് അവർ മുതിരുമെന്ന് കരുതാൻ വയ്യ.കാരണം പാർട്ടിയിൽ ഇപ്പോൾ നടക്കുന്നത് വ്യക്തി പൂജയിൽ അധിഷ്ഠിതമായ അധികാര കേന്ദ്രീകരണമാണ്." സഖാവേ ഈ ശൈലിയിൽ പോയാൽപ്പോര,മാറ്റം വരുത്തണം" എന്ന് എഴുന്നേറ്റ് പറയാനുള്ള ആർജ്ജവം പാർട്ടി സെക്രട്ടേറിയേറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ ഏതെങ്കിലും ഒരംഗം കാണിക്കുമെന്ന് കരുതുക വയ്യ.കാരണം നിലനിൽപ്പ് എല്ലാവർക്കും പ്രധാനമാണ്.എന്തിന് വെറുതെ വിമർശിച്ച് വിരോധം സമ്പാദിച്ച് ഉള്ള പദവി നഷ്ടപ്പെടുത്തണം എന്ന ചിന്താഗതിയിൽ വിമർശിക്കണമെന്ന് ആഗ്രഹമുള്ളവർപോലും വാതുറക്കുകയില്ല.ഇതാണ് പാർട്ടി ഇന്ന് എത്തി നിൽക്കുന്ന അപചയത്തിന്റെ സ്ഥിതി.ഈ പരാജയത്തോടെ സി.പി.എം തീർന്നുവെന്ന് കരുതുന്ന ഒരാളല്ല ഈ കത്തെഴുതുന്നത്.കഴിഞ്ഞ സർക്കാരുമായി താരതമ്യപ്പെടുത്തിയാൽ പൊതുവെ അഴിമതി കുറഞ്ഞ ഭരണമാണ് സംസ്ഥാനത്തുള്ളത്.പല നല്ല കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്.പക്ഷേ ധാർഷ്ട്യം അത് കേരളത്തിലെ ജനങ്ങൾ സഹിക്കുകയില്ല.ആ ശൈലി മാറ്റാൻ സി.പി.എം തയ്യാറാകാത്തിടത്തോളം തിരിച്ചടിയുടെ വ്യാപ്തി കൂടുകയേയുള്ളു.പല യുവ നേതാക്കൻമാരും ഇപ്പോൾ പ്രതികരിക്കുന്നത് തങ്ങൾ കേരളത്തിനു വേണ്ടി എന്തോ ത്യാഗം ചെയ്തുവെന്നും സീറ്റ് കിട്ടിയില്ലെങ്കിലും ആ ത്യാഗം തുടരുമെന്നും ഒക്കെയാണ്.ജനങ്ങളോട് തങ്ങൾ എന്തോ ഒൗദാര്യം കാട്ടിയെന്ന അർത്ഥത്തിലാണ് ഈ തള്ള് തള്ളുന്നത്. ഈ ശൈലിയാണ് മാറേണ്ടത്.ജനങ്ങളോട് തോളോട് തോൾ ചേർന്നു നിന്ന് പ്രവർത്തിച്ച ഏ.കെ.ജിയെപ്പോലെയുള്ള നേതാക്കൻമാർ നയിച്ചു വളർത്തിയ പ്രസ്ഥാനമാണിത്.കേരളത്തിന്റെ പുരോഗമനപരമായ വളർച്ചയിൽ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണിത്.അത് മറക്കരുത്.
സി.ആർ.രാജശേഖരൻപിള്ള
പൊട്ടക്കുഴി
തിരുവനന്തപുരം
ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാർ
ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാർ എന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു ഈ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ; പ്രത്യേകിച്ച് കേരളത്തിലെ ഫലങ്ങൾ. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തലേറിയിട്ട് തിരിച്ച് ആ ജനങ്ങളോട് പുച്ഛിച്ചും പരിഹസിച്ചും ധാർഷ്ട്യസ്വഭാവത്തിലും പെരുമാറിയാൽ തിരിച്ച് ജനങ്ങൾക്ക് പ്രതികരിക്കാൻ കിട്ടുന്ന സുവർണ്ണാവസരം അവർ തീർച്ചയായും മുതലാക്കും എന്നതുകൂടി കേരളത്തിലെ ഭരണവർഗ്ഗത്തിലെ നേതാക്കന്മാരും അവർക്കുവേണ്ടി പണിയെടുക്കുന്ന ബുദ്ധിജീവികളായ സൈബർ പോരാളികളും ഈയവസരത്തിലെങ്കിലും ഓർക്കുന്നത് നന്നായിരിക്കും. തങ്ങളുടെ എതിർ പക്ഷത്തു നിൽക്കുന്നവരെ വ്യക്തിപരമായി ആക്ഷേപിച്ചും അവഹേളിച്ചും പരിഹാസസ്വരത്തിൽ സംസാരിക്കുക എന്ന സൈബർ കൂലിയെഴുത്തുകാരുടെ പ്രവർത്തികൾക്ക് ജനം മറുപടി നൽകുക വോട്ടിലൂടെയായിരിക്കും എന്നതും അത്തരക്കാർ ഓർത്തിരക്കേണ്ടതാണ്. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അവഹേളനം നേരിട്ട ഒരു വ്യക്തിയായിരുന്നു ആലത്തൂരിലെ വനിതാ സ്ഥാനാർഥി. അവരെ മാനസികമായി തകർക്കാൻവേണ്ടി വ്യക്തിപരമായും വംശീയപരമായും ഏതറ്റം വരെ പോകാനും കവിത കോപ്പിയടിച്ച് പ്രസിദ്ധീകരിച്ച് പ്രസിദ്ധി നേടിയ ഒരു അദ്ധ്യാപികയടക്കം പലരും സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രവർത്തികളും നമ്മൾ കണ്ടതാണ്. അതിലുപരി ആ സ്ഥാനാർഥിക്കെതിരെ അശ്ലീലപരമായ പ്രസ്താവന സമുന്നതനായ ഒരു നേതാവ് പരസ്യമായി പൊതുവേദിയിലൂടെ നടത്തിയത് പൊതുജനം കണ്ടതുമാണ്. നേതാക്കന്മാരും സോഷ്യൽ മീഡിയയിലൂടെ അവഹേളിക്കുന്നവരും കരുതുന്നത് അവർ നടത്തുന്ന വസ്ത്രാക്ഷേപം കണ്ട് ജനങ്ങൾ കൈയ്യടിക്കുമെന്നാണ്. അതിനുള്ള മറുപടിയാണ് 5,33,815 വോട്ടും 1,58,968 വോട്ട് ഭൂരിപക്ഷവും നേടി ആലത്തൂരിലെ വനിതാ സ്ഥാനാർഥി 'പാട്ടും പാടി' ജയിച്ചത്. ഇനിയെങ്കിലും ഭരണത്തിന്റെ ഉത്തുംഗശൃംഘത്തിലിരിക്കുന്നവർ ജനങ്ങളുടെ മനസ്സ് കൂടി അറിയാൻ ശ്രമിച്ചില്ലെങ്കിൽ ഇപ്പോൾ കേരളത്തിൽ കണ്ട ഈ മുന്നേറ്റം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൂടി പ്രതിബിംബമായി മാറുന്ന കാഴ്ചയാവും കേരളം കാണാൻ പോവുക.
എ . കെ . അനിൽകുമാർ
നെയ്യാറ്റിൻകര
വിമുക്തഭടന്മാർക്ക് ഇരുട്ടടി
വിമുക്ത ഭടന്മാർക്ക് ചികിത്സയ്ക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാണ് ഇ.സി.എച്ച്.എസ് സ്കീം. എന്നാൽ, ഹർത്താലിന് കട അടച്ചിടുന്ന ലാഘവത്തോടെയാണ് പല സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിക്കുന്നത്. ഈ ആനുകൂല്യം കിട്ടാത്തതിനാൽ പല വിമുക്തഭടന്മാരും സ്വന്തം പണം മുടക്കിയാണ് ചികിത്സ ചെയ്യുന്നത്. ഇതിന്റെ പേരിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ പ്രതിരോധ വകുപ്പിനെ പഴിച്ചിരുന്നു. ചെറിയ പെൻഷൻ വാങ്ങി വലിയ ചികിത്സയ്ക്കുള്ള പണമില്ലാതെ വീടുകളിൽ കഷ്ടപ്പെടുകയാണ് പല വിമുക്തഭടന്മാരും. നല്ലകാലം രാജ്യത്തിനു വേണ്ടി സേവനം ചെയ്തു വന്നതിനുശേഷം ചികിത്സയ്ക്കുപോലും വിമുക്തഭടന്മാരെ അവഗണിക്കുന്നത് ശരിയാണോ? പ്രതിരോധവകുപ്പ് സ്വകാര്യ ആശുപത്രികൾക്ക് തുക കൈമാറാൻ ഉണ്ടെങ്കിൽ അത് കൊടുക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം. വിമുക്തഭടന്മാരെ വട്ടം ചുറ്റിക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല.
എസ്.കെ. അജികുമാർ,
എക്സ് - സർവീസ് ലീഗ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ.