dd

കൊൽക്കത്ത: 40 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിലേക്കെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഒാർമ്മപ്പെ‌ുത്തി തൃണമൂൽ എം.എൽ.എ ബി.ജെ.പിയിലേക്ക്. തൃണമൂൽ കോൺഗ്രസിൽ നിന്നും പുത്താക്കപ്പെട്ട എം.എൽ.എയായ ഷുബ്രാൻശു റോയ് ആണ് ഇപ്പോൾ ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നത്.

അദ്ദേഹത്തെ കൂടാതെ രണ്ട് തൃണമൂൽ നേതാക്കളും ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തൃണമൂലിൽ നിന്നും 40 പേർ ബി.ജെ.പിയിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് മോദി സൂചിപ്പിച്ചിരുന്നു.

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വലം കൈയും ഇപ്പോൾ ബി.ജെ.പി നേതാവുമായ മുകുൾ റോയിയുടെ മകനാണ് ഷുബ്രാൻശു റോയ്. പാർട്ടിക്കെതിരായ് സംസാരിച്ചതിനാണ് ഷുബ്രാൻശുവിനെ തൃണമൂലിൽ നിന്നും പുറത്താക്കുന്നത്. ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ച് 'അതൊരു ചോയ്സാണ്' എന്നാണ് ഷുബ്രാൻശു മാദ്ധ്യമങ്ങളോട് പറഞ്ഞത്.

' ഞാൻ എന്റെ അച്ഛനെക്കുറിച്ച് അഭിമാനിക്കുന്നു. തൃണമൂൽ വിടുമ്പോൾ ലക്ഷക്കണക്കിന് മുകുൾ റോയിമാരെ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം കൈകൾ കൊണ്ടാണ് അദ്ദേഹം തൃണമൂൽ കെട്ടിപ്പടുത്തത്. ഇപ്പോൾ ബംഗാളിൽ ഒരു ചാണക്യനെപ്പോലെയാണ് അദ്ദേഹം വാഴുന്നത്.' അച്ഛനെ പുകഴ്ത്തി ഷുബ്രാൻശു റോയ് പറ‌ഞ്ഞു.