rahul-gandhi-

ഐക്യജനാധിപത്യ മുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയവുമാണ് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം കണ്ടത്. രാജ്യമൊട്ടാകെ വലിയ നേട്ടം കൈവരിച്ചിട്ടും കേരളത്തിൽ ബി.ജെ.പി നിലംതൊട്ടില്ല. കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾക്ക് ഇരട്ടി മധുരമാണ് തിരഞ്ഞെടുപ്പ് നൽകിയത്.


അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന് ഏറ്റവും തിളക്കമാർന്ന വിജയം മുമ്പുണ്ടായത്. അന്ന് 20ൽ 20 സീറ്റും നേടിയിരുന്നു. സി.പി.ഐ, ആർ.എസ്.പി തുടങ്ങിയ പാർട്ടികൾ അന്ന് യു.ഡി.എഫിലുണ്ടായിരുന്നു. കോൺഗ്രസിന് അന്ന് 11 സീറ്റാണു ലഭിച്ചത്. പൊന്നാനിയിൽ ജി.എം. ബനാത് വാലയും കൊല്ലത്ത് എൻ. ശ്രീകണ്ഠൻ നായരും മാത്രമാണ് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയത്. എന്നാൽ, ഇത്തവണ ഒൻപത് പേരാണ് ഒരുലക്ഷത്തിന്റെ ഭൂരിപക്ഷം കടന്നത്. രാഹുൽ ഗാന്ധി 4.31 ലക്ഷവും പി.കെ കുഞ്ഞാലിക്കുട്ടി 2.60 ലക്ഷവും വോട്ടുനേടി സർവകാല റെക്കാർഡിട്ടു.


അതേസമയം, ഇടതുപക്ഷം വൻ പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ നിന്നുതന്നെ അപ്രത്യക്ഷമാകുകയാണ്. ഒരു കാലത്ത് അവർ കൊടികുത്തിവാണ ബംഗാളിലും ത്രിപുരയിലും ഒറ്റ സീറ്റുപോലും കിട്ടിയില്ല. സി.പി.എമ്മിന് കേരളത്തിൽ നിന്ന് കഷ്ടിച്ച് ഒരു സീറ്റ്. അതും ഏറ്റവും ചെറിയ ഭൂരിപക്ഷത്തിന്. തമിഴ്നാട്ടിൽ കോൺഗ്രസ് ഡി.എം.കെ മുന്നണിയോടു ചേർന്നു നിന്നതുകൊണ്ട് മാത്രം സി.പി.എമ്മിനും സി.പി.ഐക്കും രണ്ടു സീറ്റു വീതം കിട്ടി. മൊത്തം അഞ്ചുസീറ്റാണ് ഇടതുപക്ഷത്തുള്ളത്. കോൺഗ്രസുമായി ചേർന്നുള്ള ജനാധിപത്യ മതേതര ശക്തികളുടെ മുന്നേറ്റത്തെ അതിശക്തമായി എതിർത്ത മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുമാണ് സി.പി.എമ്മിന്റെ ശവക്കുഴി തോണ്ടിയത്.

പിണറായി സർക്കാർ അധികാരമേറ്റിട്ട് മൂന്ന് വർഷം പൂർത്തിയായി. നിരപരാധികളായ 30 ചെറുപ്പക്കാരെ കൊന്നൊടുക്കി . വിശ്വാസികളുടെ മേൽ കുതിര കയറി. അതിനു കേരളം നല്കിയ പിറന്നാൾ ഷോക്കാണ് തിരഞ്ഞെടുപ്പ് ഫലം. ശബരിമല വിഷയത്തിൽ സർക്കാർ കാണിച്ച പിടിവാശിയും കുബുദ്ധിയുമാണ് ഇടതുപക്ഷത്തിന്റെ തകർച്ചയുടെ ഒരു കാരണം. മുഖ്യമന്ത്രിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അത് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്കും ജനങ്ങൾക്കും വിശ്വാസമില്ലാത്ത ഒരു മുഖ്യമന്ത്രിയായി മാറി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ മതേതര, ബഹുസ്വര സമൂഹത്തിന്റെ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.


2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രി എ.കെ ആന്റണി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ചാടി വീണത് സി.പി.എമ്മായിരുന്നു. ജനാധിപത്യ മര്യാദകൾ പാലിച്ചിട്ടുള്ള എ.കെ ആന്റണി ജനവിധി അംഗീകരിച്ച് മുഖ്യമന്ത്രിപദം രാജിവച്ചു. ഇടതുപക്ഷം പോലും അമ്പരന്നുപോയി. ഇത്തരമൊരു ജനാധിപത്യ മര്യാദ കാട്ടണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം.


കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ 13 എൻ.ഡി.എ സ്ഥാനാർത്ഥികൾ കെട്ടിവച്ച പണം നഷ്ടപ്പെട്ട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി. ബി.ഡി.ജെ.എസുമായി ചേർന്നിട്ടുപോലും ബി.ജെ.പിക്കു നേട്ടമുണ്ടാക്കാനായില്ല.


യു.ഡി.എഫ് വിജയം
കെ.പി.സി.സി അദ്ധ്യക്ഷ പദവി ഏറ്റെടുത്ത് ഏഴുമാസം പിന്നിട്ടപ്പോഴേക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയിരുന്നു. കെ.പി.സി.സി നടത്തിയ ജനമഹായാത്ര തിരഞ്ഞെടുപ്പിനുള്ള വിളംബരമായി. ഏറ്റവും മികച്ച സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് അണിനിരത്തിയത്.
അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വമാണ് യു.ഡി.എഫിനെ ഇളക്കിമറിച്ചത്. തിളക്കമാർന്ന വിജയത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവും അദ്ദേഹം ബി.ജെ.പിക്കെതിരേ നടത്തിയ ശക്തമായ ആക്രമണവും പ്രധാന പങ്കുവഹിച്ചു.
ജനങ്ങൾ യു.ഡി.എഫിൽ ഏല്പിച്ച വിശ്വാസം അതേപടി നിലനിറുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇനി മുന്നിലുള്ളത്. വിജയത്തെ വിനയത്തോടെയും നന്ദിയോടെയും സ്വീകരിക്കുന്നു. വിജയത്തിനായി അഹോരാത്രം അധ്വാനിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.