ചാലക്കുടി: ജനങ്ങളുടെ സ്വപ്നം പൊലിഞ്ഞതിൽ സഹതാപം മാത്രമേയുള്ളുവെന്ന് ചാലക്കുടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഇന്നസെന്റ്. നരേന്ദ്ര മോദിക്കെതിരായ തരംഗമാണ് കേരളത്തിലുടനീളം പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് ലഭിച്ചതുകൊണ്ടാണ് എൽ.ഡി.എഫ് പരാജയപ്പെടാൻ കാരണമായതെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ കോൺഗ്രസിന് വോട്ട് രേഖപ്പെടുത്തിയതെന്നും ഇന്നസെന്റ് വ്യക്തമാക്കി. ചാലക്കുടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ 473444 വോട്ടുകൾ നേടി, ഇന്നസെന്റിനെക്കാൾ 1,32,274 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.സി ചാക്കോയെ മലർത്തിയടിച്ചാണ് ഇന്നസെന്റ് 2014ൽ ലോക്സഭയിലെത്തിയത്.