തിരുവനന്തപുരം: മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ടു പോയ അവസ്ഥയാണ് ബി.ജെ.പിക്കെന്ന് ഒ രാജഗോപാൽ എം.എൽ.എ പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി.ജെ.പിക്കു കിട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നും ചെയ്യാതിരുന്ന കോൺഗ്രസിനാണു ശബരിമല വിഷയത്തിന്റെ ഗുണം ലഭിച്ചത്. അതിനാലാണു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായിപ്പോയതെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.
സി.പി.എമ്മിന്റെ അറിയപ്പെടുന്ന ചില നേതാക്കൾ തിരുവനന്തപുരത്തു വോട്ടുമറിച്ചു. നേമത്തും കഴക്കൂട്ടത്തും അതിന്റെ ഗുണം യു.ഡി.എഫിനുണ്ടായി. താൻ പരാജയപ്പെടുത്തിയതിൽ വിഷമമുള്ള നേതാവും മന്ത്രിയും മേയറും യു.ഡി.എഫിനു വോട്ടുമറിച്ച കൂട്ടത്തിലുണ്ടെന്നും രാജഗോപാൽ വ്യക്തമാക്കി.
തനിക്ക് നേമത്ത് കിട്ടിയ വോട്ടുകൾ കുമ്മനത്തിന് കിട്ടില്ല. കാരണം ആ വോട്ടുകളെല്ലാം വ്യക്തിബന്ധത്തിന്റെ പുറത്ത് കിട്ടിയാണ്. അത്തരം ബന്ധങ്ങൾ വച്ചുകിട്ടുന്ന വോട്ടുകൾ മറ്റുള്ളവർക്ക് കിട്ടില്ലെന്നും രാജഗോപാൽ പറഞ്ഞു. നേമത്ത് പതിനെട്ടായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിടത്ത് ഇത്തവണ അത് എട്ടായിരമായി കുറയുകയായിരുന്നു. വട്ടിയൂർകാവിലും കഴക്കൂട്ടത്തും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.