തിരുവനന്തപുരം: ശബരിമലയിൽ പ്രവേശിക്കാൻ താത്പര്യമുള്ള യുവതികളെ സംഘടിപ്പിക്കുകയും അവർക്ക് വേണ്ട നിയമ സാങ്കേതിക സഹായങ്ങൾ ഏർപ്പാടാക്കുകയും ചെയ്‌ത ഫേസ്ബുക്ക് കൂട്ടായ്‌മയായ 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. കോൺഗ്രസിന്റെ നിലപാടിനോട് വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ ബി.ജെ.പി മുന്നേറ്റത്തെ തടയാൻ കോൺഗ്രസിന് വേണ്ടി പരസ്യമായി തങ്ങൾ വോട്ട് പിടിക്കാൻ ഇറങ്ങിയെന്നാണ് ഇവരുടെ അവകാശവാദം. തിരുവനന്തപുരം മണ്ഡലത്തിൽ മാത്രം ഇടത് പക്ഷത്തിന് വോട്ട് ചെയ്‌തിരുന്ന ആറായിരത്തോളം വോട്ടുകൾ ഈ കൂട്ടായ്‌മയുടെ ഭാഗമായി നിന്ന സുഹൃത്തുക്കൾ ശശി തരൂരിന് വേണ്ടി സമാഹരിച്ചിട്ടുണ്ടെന്നും ഇവർ തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി അവകാശപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം
സി.പി.എമ്മിനെ തോൽപ്പിച്ചത് ശബരിമലയല്ല ...
കേരളത്തിൽ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തിൽ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട് , കേരളത്തിൽ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല . ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വൽക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു . ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ BJP മുന്നേറ്റത്തെ തടയാൻ കോൺഗ്രസിന്റെ സീറ്റ് വർദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോൺഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും . തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകൾ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കൾ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട് . പരമ്പരാഗതമായി LDF നു വോട്ടു ചെയ്തു പോന്ന BJP ക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാൻ നിലപാടുള്ള അനവധിയനവധി പേർ UDF ന് വോട്ട് ചെയ്ത് കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാൻ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം ...