kodiyeri-balakrishnan

തിരുവനന്തപുരം: ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കരഞ്ഞിരിക്കുന്നവരും,വിജയിച്ചാൽ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല ഇടതുപക്ഷമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുന്പും പാർട്ടി ഇത്തരത്തിലുള്ള പരാജയങ്ങൾ നേരിട്ടിട്ടുണ്ടെന്നും, അതിൽ നിന്ന് തിരിച്ച് വന്നിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. ഇപ്പോഴുള്ള പരാജയം താൽക്കാലികമാണെന്നും, അതിന്റെ കാരണങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എഫ്.ഐയുടെ വിദ്യാർത്ഥി ക്യാംപിൽ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടിൽ തെറ്റില്ലെന്നും കോടിയേരി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കണമെന്ന് കേരളം ആഗ്രഹിച്ചിരുന്നുവെന്നും, അതാണ് യു.ഡി.എഫ് അനുകൂല തരംഗം സൃഷ്ടിക്കപ്പെടാൻ കാരണമായതെന്നും അദ്ദഹം വ്യക്തമാക്കി.

ആർ.എസ്.എസിന് കടന്നുവരാൻ പറ്റാത്ത സ്ഥലമായി കേരളം മാറിയതിൽ ഇടതുപക്ഷം അഭിമാനിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷം നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇടതുപക്ഷം ആ‌‌ർ.എസ്.എസിനെതിരെ നടത്തിയ പ്രചാരണത്തിന്റെ നേട്ടം ലഭിച്ചത് യു.ഡി.എഫിനാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.