കൊൽക്കത്ത: മേയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ബംഗാളിൽ ഇടതുപക്ഷം തകർന്നടിയുന്ന കാഴ്ചയായിരുന്നു. മത്സരിച്ച 39 സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച പൈസ നഷ്ടമായി. പതിനാറാമത് ലോക്സഭാ തിരഞ്ഞെടുപ്പിലെ രണ്ട് സിറ്റിങ് സീറ്റുകളും 34 സീറ്റുകളില്‍ രണ്ടാം സ്ഥാനവുമായാണ് ഇടതുമുന്നണി ഇത്തവണ അങ്കത്തിനിറങ്ങിയത്. എന്നാൽ ദയനീയ പരാജയമായിരുന്നു ഫലം.
ഇടതുപക്ഷത്തിന്റെ സാന്നിധ്യം പോലും ഇല്ലാതാക്കുന്ന രീതിയിലായിരുന്നു തകർച്ച.എന്തിനേറെ പറയുന്നു പൊളിറ്റിബ്യൂറോ അംഗം മുഹമ്മദ് സലീം സിറ്റിങ് സീറ്റായ റായ്‍ഗഞ്ചില്‍ മൂന്നാംസ്ഥാനത്തുപോയി എന്നതിൽ നിന്ന് തന്നെ തകർച്ചയുടെ ആഴം മനസിലാക്കാം. കൂടാതെ രണ്ടാമത്തെ സിറ്റിങ് സീറ്റായിരുന്ന മൂര്‍ഷിദാബാദില്‍ ബദറുദ്ദോസ ഖാന് ലഭിച്ചത് നാലാം സ്ഥാനമാണ്.
ജാദവ്പൂരില്‍ നിന്ന് മത്സരിച്ച് 21 ശതമാനത്തിലധികം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ മാത്രമാണ് തമ്മിൽ ഭേദം. നിലവിലെ സാഹചര്യത്തിൽ തിരിച്ച് വരവ് സ്വപ്നം കാണാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇടതുപക്ഷം.ആകെ കൈയ്യിലുള്ളത് ഏഴു ശതമാനം വോട്ട് മാത്രം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അത് കൊണ്ടുപോവാതിരിക്കാൻ ഇടതുപക്ഷം നന്നായി വിയർക്കേണ്ടി വരും.