കണ്ണൂർ: ബലാക്കോട്ട് വ്യോമാക്രമണ ദിവസം മഴമേഘങ്ങൾ മൂലം വിമാനങ്ങളെ കണ്ടെത്താൻ പാക് റഡാറുകൾക്ക് കഴിയില്ലെന്ന് താൻ നിർദ്ദേശം നൽകിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയെ ന്യായീകരിച്ച് കരസേനാ മേധാവി ബിപിൻ റാവത്ത് രംഗത്തെത്തി. മഴമേഘങ്ങൾക്കിടയിൽ പെട്ടാൽ യുദ്ധവിമാനങ്ങളെ കണ്ടെത്താൻ കഴിയാത്ത രീതിയിലുള്ള റഡാറുകളും ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇത് റഡാറുകളുടെ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസ്‌താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഏഴിമല നാവിക അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കാശ്‌മീരിൽ നിരവധി സൈനികരുടെ ജീവൻ നഷ്‌ടമാകാൻ ഇടയായ പുൽവാമ ആക്രമണം ഇന്ത്യൻ സൈന്യത്തിന്റെ അന്തസിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു നടപടിക്കും ഇന്ത്യൻ സൈന്യത്തിന്റെ അന്തസിനെ ഇല്ലാതാക്കാനാവില്ല. പാകിസ്ഥാൻ അതിർത്തിയിൽ ഇനിയും ഭീകര പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ബലാക്കോട്ടെ കേന്ദ്രത്തിൽ നിന്ന് അതിർത്തി കടന്ന് ഇന്ത്യയെ ആക്രമിച്ചത് കൊണ്ടാണ് പ്രത്യാക്രമണം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തിനും കാലാവസ്ഥയ്‌ക്കും അനുസൃതമായി കരസേനയുടെ യൂണിഫോം തുണിത്തരത്തിൽ മാറ്റം വരുത്തുമെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.