കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചതിനു പിന്നാലെ ദീപാ നിശാന്തിനെ ട്രോളി രമ്യാ ഹരിദാസ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രമ്യയുടെ പരിഹാസം.
നന്ദി ടീച്ചർ, എന്നാണ് ദീപയുടെ ചിത്രം സഹിതം രമ്യ ഹരിദാസിന് വോട്ട് തേടി ആരംഭിച്ച ഫേസ്ബുക്ക് പേജിൽ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോൾ ദീപ നിശാന്ത് രമ്യയ്‌ക്ക് നേരെ നടത്തിയ വിമർശനം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ദീപയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്.
രാഷ്ട്രീയം പറയേണ്ടിടത്ത് പാട്ടുപാടിയാൽ പോര, ശരിയായ രാഷ്ട്രീയം പറയണമെന്നായിരുന്നു ദീപ രമ്യയോട് പറഞ്ഞത്. തുടർന്ന് വ്യാപകമായി തന്നെ ദീപയ്‌ക്കെതിരെയും രമ്യയ്ക്ക് അനുകൂലമായും നിരവധിപേർ രംഗത്തെത്തിയിരുന്നു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ അപ്രതീക്ഷിതമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായത്. പതിവു രീതികളിൽ നിന്നും വ്യത്യസ്തമായി പാട്ടുപാടിയുള്ള പ്രചാരണമാണ് രമ്യ നടത്തിയത്. ഇടതു കോട്ടയായ ആലത്തൂരിലെ മൂന്നാം അങ്കത്തിലാണ് പി.കെ ബിജുവിന് 'പെങ്ങളൂട്ടി'യുടെ പാട്ടിനു മുന്നിൽ അടിയറവ് പറയേണ്ടി വന്നത്. 2009ൽ 20,960 വോട്ടായിരുന്നു ബിജുവിന്റെ ഭൂരിപക്ഷം. 2014ൽ ഭൂരിപക്ഷം 37,312 ആയി. എന്നാൽ, ഇക്കുറി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രമ്യ ബിജുവിനെ തറപറ്റിച്ചത്.