pinarayi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി പാർട്ടി ഗൗരവപൂർവം പരിശോധിക്കുമെന്നും എന്നാൽ ഇത് സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്തല്ലെന്നും അതിനാൽ തന്നെ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പിലുണ്ടായ തിരച്ചടി താത്കാലികമാണ്. തിരിച്ചടിയുണ്ടാകുമെന്ന് പ്രചാരണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളിലും തിരിച്ചറിയാനും കഴിഞ്ഞില്ല. രാജ്യത്തിന്റെ ഭാവിയിൽ ഉത്കണ്‌ഠാകുലരായ ആളുകൾ മോദി അധികാരത്തിൽ എത്താതിരിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്‌തു. കോൺഗ്രസിനാണ് ഭരണം കിട്ടുകയെന്ന തോന്നലുണ്ടായതും വോട്ട് ചോർച്ചയ്‌ക്ക് ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതും കോൺഗ്രസിന് നേട്ടമുണ്ടാക്കാനായി. എന്നാൽ അദ്ദേഹത്തിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ആർക്കെതിരെയാണെന്ന് ഇടതുപക്ഷം അന്നും ചോദിച്ചിരുന്നു. രാഹുൽ എന്തിനാണ് വയനാട്ടിൽ മത്സരിക്കാൻ എത്തിയതെന്ന് ഇപ്പോൾ മനസിലായി. പക്ഷേ അമേത്തിയിലെ പരാജയ ഭീതികൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വന്നതെന്ന പ്രചാരണം ബി.ജെ.പിക്ക് കൂടുതൽ ഗുണകരമാകുമെന്നതിനാൽ സി.പി.എം ആദ്യ ഘട്ടത്തിൽ പറയാൻ തയ്യാറായില്ല. ജയിക്കാനുള്ള സീറ്റ് തേടിയാണ് അദ്ദേഹം വയനാട്ടിലെത്തിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിലേറി മാസങ്ങൾ കഴിയുന്നതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ അവർക്ക് കനത്ത തിരിച്ചടിയാണ് ഏൽക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, മറ്റെന്തെങ്കിലും ഘടകങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ അതിന്റെ ഗുണം ബി.ജെ.പിക്ക് ലഭിക്കണമായിരുന്നു. എന്നാൽ പത്തനംതിട്ടയിൽ പോലും ബി.ജെ.പി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് നാം കണ്ടതാണ്. എന്നാൽ വിശ്വാസത്തിന്റെ പേരിൽ ആരെങ്കിലും തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടോയെന്ന കാര്യം വിശദമായി പരിശോധിക്കും. കനത്ത തിരിച്ചടി വസ്‌തുത തന്നെയാണെങ്കിലും ഇപ്പോഴത്തേത് സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്ന് പറയാൻ കഴിയില്ല. അതിനാൽ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട ആവശ്യമില്ല. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടത് കൊണ്ട് തന്റെ ശൈലിമാറ്റില്ല. ആർക്കാണ് ധാർഷ്ട്യമെന്ന് ജനങ്ങൾക്ക് അറിയാം. ഇതുവരെ എത്തിയത് തന്റെ ഈ ശൈലി ഉപയോഗിച്ചാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.