narendra-modi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപനത്തിനായി രാജ്യം ഉറ്റു നോക്കിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ആ സമയത്ത് ഇ-മെയിലുകൾ അയയ്ക്കുകയായിരുന്നെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫലസൂചനകൾ പുറത്തുവന്നു തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ അദ്ദേഹം വോട്ടെണ്ണൽ വിവരങ്ങളിലേക്ക്‌ ശ്രദ്ധതിരിച്ചതേയില്ല. വൻവിജയം ഉറപ്പാണെന്ന ആത്മവിശ്വാസമായിരുന്നു മോദിയുടെ ശരീരഭാഷയിൽ പ്രകടമായിരുന്നത്‌.

വോട്ടെണ്ണൽ ദിവസം പുലർച്ചെ മുതൽ ഇ-മെയിലുകൾ അയച്ചും ലഭിച്ച മെയിലുകൾക്ക്‌ മറുപടി അയച്ചും തിരക്കിലായിരുന്നു മോദി. പത്തരയോടെയാണ്‌ ആ ജോലി പൂർത്തിയാക്കി അദ്ദേഹം ടെലിവിഷനിലെ വാർത്തകളിലേക്ക്‌ ശ്രദ്ധ തിരിച്ചത്‌. വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളറിയാനും പാർട്ടി നേതാക്കളോട്‌ ഫോണിൽ സംസാരിക്കാനും ഈ സമയം അദ്ദേഹം വിനിയോഗിച്ചു. ജനവിധി അനുകൂലമാണെന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.

ബി.ജെ.പി വിജയം ഉറപ്പായതോടെ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ വിദേശ നേതാക്കളുടെ ഫോൺ വിളികൾ വന്നുതുടങ്ങിയത്‌. അഭിനന്ദനങ്ങളറിയിച്ചുള്ള വിളികൾക്ക്‌ നന്ദി അറിയിച്ച അദ്ദേഹം പിന്നീട്‌ ബി.ജെ.പി ആസ്ഥാനത്തേക്ക്‌ പോയി. അവിടെ പ്രവർത്തകരെയും മാദ്ധ്യമപ്രവർത്തകരെയും കണ്ടു. പാർട്ടി നേതാക്കളുമായി ഭാവി കാര്യങ്ങളിൽ ചർച്ചയും നടത്തിയാണ്‌ അന്നത്തെ ദിവസം അദ്ദേഹം അവസാനിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.