സിദ്ദിഖിനെതിരെയുള്ള ലൈംഗികാരോപണത്തിൽ നടിയോടൊപ്പം നിലപാടെടുത്ത് ഡബ്ല്യു. സി.സി. നടിയുടെ പരാതിയെ പരിഹാസം കൊണ്ട് ഇല്ലാതാക്കാൻ നോക്കുന്നത് ശിക്ഷാർഹവും നിയമവിരുദ്ധവുമാണെന്നും സംഘടന അഭിപ്രായപ്പെടുന്നു. നടന്മാരുടെ സംഘടനയിലെ ഒരു മുതിർന്ന അംഗം ഈ രീതിയിൽ പെരുമാറുന്നത് അപമാനകരമാണെന്നും സംഘടന പറയുന്നു. ഒരു സിനിമയിലെ ഉപേക്ഷിക്കപ്പെട്ട ഒരു രംഗം കൊണ്ട് നടിയെ അപഹസിച്ചതും സംഘടന എടുത്ത് പറഞ്ഞു. ഏതാനും നാളുകൾക്ക് മുൻപ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ച് യുവനടി രേവതി സമ്പത്ത് ആരോപണം ഉയർത്തിയത്.
ഒരു സിനിമയിലെ ഉപേക്ഷിക്കപ്പെട്ട ഒരു രംഗം കാണിച്ചുകൊണ്ടാണ് നടൻ പ്രതികരിച്ചതായി കണ്ടതെന്നും സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് ഒതുക്കാൻ നോക്കുന്നത് അന്യായവും, നിയമവിരുദ്ധവും, ശിക്ഷാർഹവുമാണെന്നും സംഘടന പറഞ്ഞു. ചലചിത്ര നടൻമാരുടെ സംഘടനയിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഒരാൾ ഇത്തരത്തിൽ പ്രതികരിക്കുന്നത് അപമാനകരമാണെന്നും സംഘടന പോസ്റ്റിൽ പറയുന്നു. 'അവൾക്കൊപ്പം' എന്ന ഹാഷ്ടാഗോടെയാണ് ഡബ്ല്യു.. സി.സി. ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ഡബ്യു. സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.
നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!
#Avalkkoppam #അവൾക്കൊപ്പം