agt

മുംബയ് നഗരത്തിലെ ചേരികളും അവിടുത്തെ ചേരി ജീവിതവും ആഗോള തലത്തിൽ പലപ്പോഴും ചർച്ചാ വിഷയമായിട്ടുണ്ട്. പലപ്പോവും അധോലോകവുമായും നിയമ വിരുദ്ധ പ്രവർത്തനങ്ങളുമായും ബന്ധപ്പെടുത്തിയാണ് മുംബയിലെ ചേരികളുടെ കഥകൾ പുറംലോകത്ത് പ്രചരിക്കാറ്. എന്നാൽ പറഞ്ഞുവന്നത് ഇതൊന്നുമല്ല, മുംബയിലെ ചേരികളിൽ വസിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ അങ്ങ് അമേരിക്കയിൽ ചെന്ന് ലോകത്തെ മുഴുവൻ ഞെട്ടിച്ച കഥയാണ്. അമേരിക്കൻ ചാനലായ എൻ.ബി.സി നടത്തുന്ന അമേരിക്ക ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മുംബയിലെ വി അൺബീറ്റബിൾ എന്ന ഡാൻസ് ഗ്രൂപ്പ് അക്ഷരാർത്ഥത്തിൽ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ശ്വാസം അടക്കിപ്പിടിച്ചാണ് ലോകമെങ്ങുമുള്ള ഡാൻസ് ആരാധകർ ഇവരുടെ പ്രകടനം കണ്ടത്. നേരിട്ട് കണ്ട കാണികളും വിധികർത്താക്കളും ആകട്ടെ അത്ഭുതത്താൽ തലയിൽ കൈവച്ച് എഴുന്നേറ്റ് നിന്നു.

മുംബയിലെ ചേരി ജീവിതത്തിലെ ദുരിതം തുറന്ന് പറഞ്ഞാണ് ഇവർ തങ്ങളുടെ പ്രകടനം തുടങ്ങുന്നത്. മുംബയ്‌യിലെ ചേരി ജീവിതം വളരെ പ്രയാസം നിറഞ്ഞതാണെന്ന് പറയുമ്പോൾ സംഘത്തലവന്റെ കണ്ണുകൾ നിറയുന്നതും കാണാം. കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കില്ല. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ് മുംബയ് നഗരത്തിലെ ചേരികൾ. എട്ടോ പത്തോ പേരാണ് ഇവിടെ ഒരുമുറിയിൽ കിടന്നുറങ്ങുന്നത്. ഓരോദിവസവും ഞങ്ങൾ നല്ലജീവിതം സ്വപ്നം കാണും. പക്ഷേ, ഈ ചേരികളിൽ ജീവിക്കുന്ന ഞങ്ങൾക്ക് അവസരങ്ങൾ ലഭിക്കുന്നത് കുറവാണ്. ഞങ്ങളുടെ ജീവിതത്തിലെ ദുഖങ്ങളെല്ലാം മറക്കുന്നത് ഈ ഡാൻസിലൂടെയാണെന്നും ഇവർ പറയുന്നു.

രൺവീർ സിംഗ് തകർത്ത് അഭിനയിച്ച സഞ്ജയ് ലീലാ ബൻസാലി ചിത്രം ബാജിറാവു മസ്‌താനിയിലെ മൽഹാരിയെന്ന ഹിറ്റ് ഗാനത്തിനാണ് വി അൺബീറ്റബിളിന്റെ ചുണക്കുട്ടികൾ ചുവട് വയ്‌ക്കുന്നത്. അന്തരീക്ഷത്തിൽ തലകുത്തി മറിഞ്ഞും, നിരവധി തവണ വായുവിൽ വട്ടം കറങ്ങിയും ഇവർ നടത്തുന്ന പ്രകടനം കണ്ടാൽ ഏതൊരു ഇന്ത്യാക്കാരനും അഭിമാനം തോന്നും. സൂപ്പർ മാന് മാത്രമേ പറക്കാൻ കഴിയൂ എന്നാണ് താൻ ഇതുവരെ വിശ്വാസിച്ചതെന്നാണ് വീഡിയോ കണ്ട ചിലരുടെ കമന്റ്. യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. പരിപാടിയുടെ പൂർണരൂപം അടുത്ത ചൊവ്വാഴ്‌ചയാണ് ചാനൽ പ്രക്ഷേപണം ചെയ്യുക.