അഹമ്മദാബാദ്: സൂററ്റിലെ നാലുനിലക്കെട്ടിടത്തിന് തീപിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വെന്തുമരിച്ച സംഭവത്തിൽ ട്യൂഷൻ സെന്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാർഗവ് ഭൂട്ടാനിയാണ് അറസ്റ്റിലായത്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. സംഭവത്തിൽ കെട്ടിട ഉടമകളായ ഹർഷാൽ വെഗാരിയ, ജിഗ്നേഷ് എന്നിവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുറ്റകരമായ നരഹത്യ കുറ്റം ചുമത്തി ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അതിനിടെ, വാണിജ്യ കെട്ടിട സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കോച്ചിംഗ് സെന്ററുകളും അടച്ചിടാൻ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും നിർദ്ദേശം നൽകി.
സൂററ്റിലെ സർതാന മേഖലയിലെ ‘തക്ഷശില’ എന്ന നാലുനില കെട്ടിടത്തിനാണ് വെള്ളിയാഴ്ച വൈകിട്ട് തീപിടിച്ചത്. കെട്ടിടത്തിന്റെ മുകൾ നിലയിലുണ്ടായിരുന്ന ട്യൂഷൻ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് തീപിടിത്തത്തിൽ മരിച്ചത്. തീയിൽനിന്ന് രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടസമുച്ചയത്തിന് മുകളിൽ ട്യൂഷൻ ക്ലാസ് നടന്നിരുന്ന നില നിർമിച്ചിട്ടുള്ളത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഗോവണിയുടെ ഭാഗത്തു നിന്നായിരുന്നു തീപടർന്നത്.
ഫയർഫോഴ്സെത്താൻ എടുത്തത് 45 മിനിട്ട്
തീപിടിത്തത്തിൽ മരണസംഖ്യ ഉയരാൻ കാരണമായതിന് പിന്നിൽ ഫയർഫോഴ്സെന്ന് ആരോപണം. സംഭവസ്ഥലത്തുനിന്ന് വെറും രണ്ട് കി.മീ മാത്രം ദൂരമുണ്ടായിരുന്ന ഫയർഫോഴ്സ് ആസ്ഥാനത്തുനിന്ന് എത്താൻ 45 മിനിട്ടാണ് ഫയർഫോഴ്സെടുത്തത്. മുകളിൽനിന്ന് കുട്ടികൾ താഴേക്ക് ചാടുമ്പോൾ അഗ്നിശമനസേനാംഗങ്ങൾ താഴെ നോക്കിനിൽക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.