ഭോപ്പാൽ: മാട്ടിറച്ചി കടത്തിയെന്നാരോപിച്ച് മുസ്ളിം യുവാക്കൾക്ക് ക്രൂരമർദ്ദനം. മദ്ധ്യപ്രദേശിലെ സിയോണിയിൽ ഇക്കഴിഞ്ഞ മേയ് 22 നാണ് സംഭവം നടന്നത്. ആട്ടോറിക്ഷയിൽ മാട്ടിറച്ചി കടത്തിയെന്നാരോപിച്ച് അക്രമികൾ വണ്ടി തടഞ്ഞുനിറുത്തി മൂന്നംഗസംഘത്തെ ക്രൂരമായി മർദിക്കുകയായിരുന്നു. രണ്ട് യുവാക്കൾക്കും സംഘത്തിൽ ഒരാളുടെ ഭാര്യയായ യുവതിക്കുമാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രാമസേന നേതാവ് ശുഭം ഭാഗേൽ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ കേസുകളിൽ ഭാഗേലിനെ ഇതിന് മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവാക്കളെ വടികൊണ്ട് അടിച്ചുവീഴ്ത്തി മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തറയിൽ ഇരിക്കുന്ന യുവതിയുടെ തലയിൽ അക്രമികൾ ചെരുപ്പ് കൊണ്ട് തുടർച്ചയായി അടിക്കുന്നതും ജയ് ശ്രീറാം എന്ന് വിളിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരാളെ നിലത്തേക്ക് തള്ളിയിട്ട് വടികൊണ്ട് മർദ്ദിക്കുന്നതും കാണാം. രാമസേന പ്രവർത്തകരാണ് യുവാക്കളെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പ്രതികളിലൊരാളായ രാമസേന അംഗം ശുഭം സിംഗ് സംഭവത്തിന്റെ ദൃശ്യങ്ങൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ മേയ് 23ന് പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് നീക്കംചെയ്തിരുന്നു. അതേസമയം, മർദ്ദനമേറ്റ യുവാക്കളിൽനിന്ന് പിടിച്ചെടുത്ത മാംസം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.