ന്യൂഡൽഹി: പ്രധാനമന്ത്രിയായി തുടർച്ചയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നരേന്ദ്രമോദി അമ്മ ഹീരാബെന്നിനെ കണ്ട് അനുഗ്രഹം വങ്ങും. ഇതിനായി ഇന്ന് മോദി ഗുജറാത്തിലെത്തും. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം വാരണാസി ലോക്സഭ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക നൽകുന്നതിന് മുമ്പും അദ്ദേഹം അമ്മയെ സന്ദർശിച്ചിരുന്നു. അന്ന് 20 മിനിട്ടോളം മോദി അമ്മയ്ക്കൊപ്പം ചെലവഴിച്ചിരുന്നു. അഹമ്മദാബാദിൽ നരേന്ദ്രമോദിയുടെ സഹോദരൻ പങ്കജ് മോദിക്കൊപ്പമാണ് ഹീരാബെൻ താമസിക്കുന്നത്.
അമ്മയെ സന്ദർശിച്ച ശേഷം തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി അദ്ദേഹം വാരണാസിയിലേക്ക് പോകും. 4.8 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാരണാസിയിൽ മോദി വിജയിച്ചത്. തുടർന്ന് നാളെ അദ്ദേഹം കാശിയിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും.