lottery

തൊടുപുഴ:ലോട്ടറി വിൽപ്പനയാണ് തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയായ കോട്ടെ കരിങ്കുളം സ്വദേശി ചെല്ലയ്യയുടെ ഉപജീവന മാർഗം. മൂവാറ്റുപുഴ വാഴക്കുളത്താണ് ചെല്ലയ്യയുടെ ലോട്ടറിക്കച്ചവടം. ഒരു ദിവസം ലോട്ടറി വിൽപ്പന നടന്നില്ലെങ്കിൽ അരി വാങ്ങാൻ കാശില്ലാത്ത അവസ്ഥയായിരുന്നു കഴിഞ്ഞ ദിവസം വരെ ചെല്ലയ്യയ്ക്ക്. എന്നാൽ ഇന്ന് അദ്ദേഹം ഒരു കോടീശ്വരനാണ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംബറിന്‍റെ ഒന്നാം സമ്മാനമായ 5 കോടി രൂപയാണ് ചെല്ലയ്യയെ തേടിയെത്തിയിരിക്കുന്നത്.

532395 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പിന് തൊട്ടുമുന്പ് വരെ ടിക്കറ്റ് വിൽക്കാൻ ഇദ്ദേഹം ശ്രമിച്ചിരുന്നു. കെഞ്ചി പറഞ്ഞിട്ടും ആരും വാങ്ങിയില്ല. ഒടുവിൽ നിരാശയോടെ വീട്ടിലേക്ക് മടങ്ങി.ലോട്ടറി അടിച്ചിട്ടും ഭയം മൂലം ചെല്ലയ്യ അടുത്ത സുഹൃത്തുക്കളോട് പോലും വിവരം പറഞ്ഞിരുന്നില്ല. വാഴക്കുളം എസ്.ബി.ഐ ശാഖയില്‍ സമ്മാനർഹമായ ടിക്കറ്റുമായെത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്.