കണ്ണൂർ: ആദിവാസി കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പുവരുത്തുന്നതിനും മികവുറ്റ പ്രതിഭകളെ കണ്ടെത്തുന്നതിനുമായി വിദ്യാഭ്യാസ രംഗത്ത് ആരംഭിച്ച പ്രത്യേക പരിശീലന പദ്ധതിയായ 'ഷെൽട്ടർ' മൂന്നു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. സമഗ്രശിക്ഷാ കേരളത്തിന്റെ കീഴിലുള്ള പദ്ധതി കണ്ണൂർ, പത്തനംതിട്ട, ഇടുക്കിയിലെ ഇടമലക്കുടി എന്നിവിടങ്ങളിൽ കൂടി ആരംഭിക്കാനാണ് സർക്കാർ തീരുമാനം. ഈ അദ്ധ്യയനവർഷം തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങും.
സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ 60 ശതമാനം ആദിവാസി വിദ്യാർത്ഥികളും പഠനം തുടരാൻ കഴിയാത്ത സാഹചര്യത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി തുടങ്ങിയത്. ഇടുക്കി ജില്ലയിലെ മറയൂർ, തിരുവനന്തപുരത്ത് കോട്ടൂർ, മലപ്പുറത്ത് നിലമ്പൂർ എന്നിവിടങ്ങളിലാണ് നിലവിൽ ഇത് നടപ്പാക്കിയിട്ടുള്ളത്.
ഷെൽട്ടർ പദ്ധതി
വിദ്യാഭ്യാസം തുടരാൻ കഴിയാത്ത ആദിവാസി കുട്ടികളെ കണ്ടെത്തി അവരെ പ്രത്യേക ഹോസ്റ്റലിൽ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകും. ഇതിനായി വിദ്യാഭ്യാസ വിദഗ്ദ്ധരുടെ സഹായം തേടും. രാത്രി ക്ലാസ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തും. ആദിവാസി കുട്ടികൾ എന്തൊക്കെ കാരണത്താലാണ് പഠനം നിറുത്തുന്നതെന്ന് കണ്ടെത്തി ആവശ്യമായ കൗൺസലിംഗും മാർഗനിർദ്ദേശങ്ങളും നൽകും.
60 ശതമാനം കേന്ദ്രം
പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും ബാക്കിയുള്ളത് സംസ്ഥാനവും വഹിക്കും. പഴയ എസ്.എസ്.എയുടെ പുതിയ രൂപമായ 'സമഗ്രശിക്ഷാ കേരള' ത്തിന് ഈ വർഷം 897 കോടിയുടെ പദ്ധതികൾക്കാണ് കേന്ദ്രം അംഗീകാരം നൽകിയത്. മുൻവർഷം 739 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായെങ്കിലും അതിന്റെ കേന്ദ്രവിഹിതത്തിൽ നിന്നും 200 കോടി രൂപ പിന്നീട് വെട്ടിക്കുറച്ചിരുന്നു. ഈ വർഷം 1460 കോടി രൂപയുടെ പദ്ധതിയാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും 897 കോടിയാണ് അനുവദിച്ചത്.
കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം കിട്ടിയാലുടൻ ഷെൽട്ടർ പദ്ധതിയുടെ പ്രവർത്തനം തുടങ്ങും. കണ്ണൂർ ജില്ലയിൽ ആറളത്താണ് പദ്ധതി തുടങ്ങാൻ ഉദ്ദേശിക്കുന്നത്. പഠനം നിലച്ചുപോയ ആദിവാസി വിദ്യാർഥികൾക്ക് ഇത് ആശ്വാസമാണ്.
കെ.വി. സുമേഷ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂർ