cot-naseer

വടകര: വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിച്ച കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് കൊളശേരി, കളരിമുക്ക് സ്വദേശി സോജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 18നാണ് നസീർ ആക്രമിക്കപ്പെട്ടത്.സ്കൂട്ടറിൽ പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൈയ്യിലും തലയ്ക്കും വയറിലും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ സി.പി.എമ്മിലെ പ്രദേശിക നേതാക്കൾക്ക് പങ്കുണ്ടെന്ന് നസീർ ആരോപിച്ചിരുന്നു. അക്രമത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാൽ ആരോപണം സി.പി.എം നിഷേധിച്ചിരുന്നു. തലശ്ശേരി നഗരസഭ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സി.ഒ.ടി നസീർ 2015ലാണ് പാർട്ടിയുമായി അകന്നത്.