rahul-gandhi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് അദ്ധ്യക്ഷസ്ഥാനം രാജിവയ്‌ക്കാമെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട് കോൺഗ്രസ് പ്രവർത്തന സമിതിയോഗം തള്ളി. പ്രതികൂല ഘട്ടത്തിൽ രാഹുൽ തന്നെ പാർട്ടിയെ നയിക്കണമെന്നും യോഗം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ധ്യക്ഷസ്ഥാനം രാജിവയ്‌ക്കാമെന്നും പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടരാമെന്നും രാഹുൽ ഏറെ നേരം നിലപാടെടുത്തെങ്കിലും യോഗം അംഗീകരിച്ചില്ല. ഒപ്പം പാർട്ടിയെ സമൂലമായി മാറ്റുന്ന തരത്തിൽ പുനസംഘടന നടത്താനുള്ള ചുമതലയും രാഹുലിന് നൽകി. യോഗത്തിന് ശേഷം പാർട്ടി നേതാക്കളായ രൺദീപ് സുർജേവാല, കെ.സി.വേണുഗോപാൽ, എ.കെ.ആന്റണി തുടങ്ങിയവരാണ് തീരുമാനം വിശദീകരിച്ചത്.

അതേസമയം, കോൺഗ്രസ് പാർട്ടിക്ക് വോട്ട് ചെയ്‌തവർക്കും പാർട്ടിക്ക് വേണ്ടി രാത്രിയും പകലും പ്രവർത്തിച്ചവർക്കും നന്ദി രേഖപ്പെടുത്തുന്നതായും വാർത്താസമ്മേളനത്തിൽ കെ.സി.വേണുഗോപാൽ പറഞ്ഞു. ജനങ്ങളുടെ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമായി കോൺഗ്രസ് തുടരും. രാജ്യത്തെ വിവിധ വിഷയങ്ങളിൽ ഇടപെടും. തിരഞ്ഞെടുപ്പിൽ വന്ന തോൽവിയെക്കുറിച്ച് വിശദമായ പരിശോധന നടത്തും. തിരഞ്ഞെടുപ്പിൽ തോൽവിയും ജയവും സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

congress

തോൽവിയിലും മാറ്റമില്ലാതെ കോൺഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ പ്രചാരണം നടത്തിയെങ്കിലും 52 സീറ്റുകളിലൊതുങ്ങിയ കോൺഗ്രസിന്റെ ദയനീയ പരാജയം രാഷ്ട്രീയ ലോകത്തിൽ വൻ ഞെട്ടലുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിലെ അധികാര കേന്ദ്രം നെഹ്‌റു കുടുംബത്തിൽ നിന്ന് മാറുമെന്ന രീതിയിലുള്ള പ്രചാരണങ്ങളും കനത്തു. തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ പാർട്ടി അദ്ധ്യക്ഷസ്ഥാനം രാജിവയ്‌ക്കാമെന്നും ഒരു സാധാരണ പ്രവർത്തകനായി തുടരാമെന്നും രാഹുൽ കോൺഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്‌തു. എന്നാൽ പ്രതികൂല ഘട്ടത്തിൽ രാഹുൽ മാറുന്നത് ശരിയായ സന്ദേശമല്ലെന്നാണ് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടത്. എന്നാൽ വരും ദിവസങ്ങളിൽ ഇത് കോൺഗ്രസിനുള്ളിൽ തന്നെ പൊട്ടിത്തെറിക്ക് കാരണമാകാൻ ഇടയുണ്ട്. ഇത്രയേറെ അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും തിര‌ഞ്ഞെടുപ്പിൽ വിജയിക്കാനാവാത്തത് രാഹുലിന്റെ സംഘടനാ പിഴവാണെന്ന് വാദിക്കുന്ന ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുമെന്നും വിവരമുണ്ട്.