തിരുവനന്തപുരം : എൽ.ഡി.എഫ് വിട്ടുവന്നാൽ സി.പി.ഐയെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സി.പി.ഐ യു.ഡി.എഫിലേക്ക് വരണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. 1977 ൽ സി.പി.ഐയും കോൺഗ്രസും ചേർന്നുള്ള മുന്നണി ഇരുപതിൽ ഇരുപത് സീറ്റും നേടിയിരുന്നു. സി.പി.എമ്മിന്റെ കൂടെ നിന്നിട്ട് ഇപ്പോൾ ഒരു സീറ്റുപോലും കിട്ടിയില്ലെന്നത് അവർ മനസിലാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കൗമുദി ടി.വിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിൽ അന്വേഷണം
ഇരുപതിൽ 19 സീറ്റും നേടിയിട്ടും ആലപ്പുഴ സീറ്റ് കൈവിട്ടതിന്റെ കാരണങ്ങൾ പാർട്ടി പരിശോധിക്കും. അന്വേഷണം നടത്തും. തിരുവനന്തപുരത്ത് ചിലയാളുകൾ പ്രചാരണത്തിനിടെ വേണ്ടാതീനം കാണിക്കാൻ ശ്രമിച്ചെന്ന് ആക്ഷേപമുണ്ടായപ്പോൾ താൻ ഇടപെട്ടതായി മുല്ലപ്പള്ളി പറഞ്ഞു. തെറ്റ് ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകി. അതിന്റെ ഫലമുണ്ടായി. എന്നാൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ച അടൂർ പ്രകാശ് അടക്കം ചില സ്ഥാനാർത്ഥികൾ രേഖാമൂലം പരാതി എഴുതി നൽകിയിട്ടുണ്ട്. അത് പാർട്ടി പരിശോധിക്കും. കറുത്ത ആടുകളെ പാർട്ടിയിൽ വച്ചോണ്ടു പോകാൻ കഴിയില്ല.
പുനഃസംഘടന ഉടൻ
കെ.പി.സി.സി പുനഃസംഘടന ഉടനുണ്ടാകുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു മുമ്പേ വേണമെന്നായിരുന്നു പാർട്ടി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടിരുന്നത്. താനാണ് അത് മാറ്റിവയ്പിച്ചത്. ഇനി ഉടൻ നടത്തും. കേന്ദ്രത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ തിരിച്ചടിയെ കോൺഗ്രസ് അതിജീവിക്കും. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഉറച്ച വിശ്വാസമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കൗമുദി ടിവിയിൽ അഭിമുഖത്തിന്റെ സംപ്രേഷണം ഇന്ന് രാത്രി 9ന് കാണാം. പുനഃസംപ്രേഷണം നാളെ രാവിലെ 9ന്.