1. ലോക്സഭ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയ്ക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. പ്രതിസന്ധി ഘട്ടത്തിലെ രാഹുലിന്റെ നേതൃത്വം അനിവാര്യമെന്ന് വിലയിരുത്തല്‍. സംഘടനയില്‍ സമൂല മാറ്റത്തിന് യോഗം രാഹുലിനെ ചുമതലപ്പെടുത്തി. ക്രിയാത്മക പ്രതിപക്ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. തീരുമാനം എടുത്തത് പാര്‍ട്ടി ഒറ്റക്കെട്ടായി.
2. പരാജയം കോണ്‍ഗ്രസ് അംഗീകരിക്കുന്നു. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും തിരിച്ച് വരുമെന്നും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍. നേതൃത്വത്തിന് ഏറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തക സമിതിയിലാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്.
3. തോല്‍വി വിശദമായി പരിശോധിക്കുമെന്ന് എ.കെ ആന്റണി. രാഹുലിന്റെ രാജി ഒന്നിനും പരിഹാമല്ലെന്നും നേതാക്കള്‍. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ ഏകപക്ഷീയമായി തീരുമാനം എടുത്തിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് എടുത്തതെന്നും നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ചൂണ്ടിക്കാട്ടി.
4. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. പിണറായിക്ക് നാടുവാഴി സ്വഭാവമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പ്രസിഡന്റ് മുല്ലപ്പള്ളി. ശൈലി മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനത്തെ നോക്കി കൊഞ്ഞനം കുത്തുന്നു. തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ അഹന്തയ്ക്കുള്ള വിധിയാണ്. മതേതര ജനാധിപത്യത്തിന്റെ അന്തകനാണ് പിണറായി എന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം
5. ജനവിധിയില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി മോദിക്കും പിണറായിക്കും എതിരാണ്. മുഖ്യമന്ത്രിയായി തുടരാന്‍ പിണറായിക്ക് അര്‍ഹതയില്ല. ജനവികാരം മനസിലാക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി ശൈലി മാറ്റരുത് എന്നാണ് യു.ഡി.എഫിന്റെയും ആഗ്രഹമെന്നും ചെന്നിത്തലയുടെ പരിഹാസം.
6. ലോക്സഭ തിരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന് പിന്നാലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡല്‍ഹിയില്‍ ചേരുന്നു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ നേതാക്കള്‍ ശുപാര്‍ശ ചെയ്യും. യോഗത്തെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്നത്തെ യോഗം ഔദ്യോഗിക ചടങ്ങ് മാത്രമാണ്.
7. മോദി മന്ത്രിസഭയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടാമന്‍ ആകുമോ എന്ന ആകാംക്ഷയിലാണ് പ്രവര്‍ത്തകരും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷ്ണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍മാരും രാഷ്ട്രപതിയെ കണ്ട് പുതിയ എം.പിമാരുടെ പട്ടിക രാഷ്ട്രപതിയ്ക്ക് കൈമാറി. പതിനേഴാം ലോക്സഭയില്‍ എന്‍.ഡി.എക്ക് ഉള്ളത് 349 അംഗങ്ങളാണ്. ഇതില്‍ 303 പേരും ബി.ജെ.പി എം.പിമാരാണ്. ഈ മാസം 30നാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
8. ധനമന്ത്രിയായി അരുണ്‍ ജയ്റ്റ്ലിക്ക് പകരം പിയൂഷ് ഗോയല്‍ എത്തിയേക്കും. അനാരോഗ്യം കാരണം വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മന്ത്രിസഭയില്‍ ഉണ്ടാകില്ല എന്ന് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേത് ആയിരിക്കും. രാജ്നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിംഗ് തൊമര്‍, പ്രകാശ് ജാവേദ്ക്കര്‍ എന്നിവരും പുതിയ മന്ത്രിസഭയിലുണ്ടാകും. സഖ്യ കക്ഷികളില്‍ നിന്ന് ശിവസേനക്കും ജെ.ഡി.യുവിനും കേന്ദ്രമന്ത്രി പദം കിട്ടിയേക്കും എന്നും സൂചന. പുതിയ നേതാക്കളെ ബി.ജെ.പിയുടെ നേതൃനിരയില്‍ എത്തിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം.
9. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിലെ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. തോല്‍വി താത്ക്കാലികം മാത്രം. സര്‍ക്കാരിന് എതിരായ ജനവിധിയല്ല തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. തോല്‍വി പിന്നില്‍ മറ്റ് ഘടകങ്ങള്‍ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കും. ജയിക്കാനുള്ള സീറ്റ് തേടിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്
10. ദേശീയ തലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണ്. കോണ്‍ഗ്രസിനാണ് ഭരണത്തിന് നേതൃത്വം നല്‍കാന്‍ സാധിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് തോന്നി. ശബരിമല ബാധിച്ചെങ്കില്‍ ഗുണം ബി.ജെ.പിക്ക് ലഭിക്കുമായിരുന്നു. വിശ്വാസികളെ തെറ്റദ്ധരിപ്പിക്കാന്‍ വ്യാപക ശ്രമം നടന്നു. തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ സമദൂരം പാലിച്ചില്ലെന്നും മുഖ്യന്റെ വിമര്‍ശനം. തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് പറഞ്ഞ മുഖ്യന്‍ ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്ന് ജനങ്ങള്‍ വിലയിരുത്തും എന്നും കൂട്ടിച്ചേര്‍ത്തു
11. സീറോ മലബാര്‍ സഭയിലെ വ്യാജ രേഖ കേസില്‍ വൈദികര്‍ക്ക് ആശ്വാസം. വൈദികര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് ജില്ലാ സെഷന്‍സ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഫാദര്‍ ടോണി കല്ലൂക്കാരന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി. ഫാദര്‍ പോള്‍ തേലക്കാടിനെയും ഫാദര്‍ ടോണി കല്ലൂക്കാരനെയും അറസ്റ്റ് ചെയ്യുന്നതാണ് കോടതി തടഞ്ഞത്. കേസില്‍ റിമാന്‍ഡില്‍ ഉള്ള പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും 27 ലേക്ക് മാറ്റി. അതിനിടെ, വ്യാജരേഖ വിവാദത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭിന്നത രൂക്ഷം