syro-malabar

കൊച്ചി: വ്യാജരേഖ ചമച്ച കേസിൽ സീറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ നിലപാടിനെയും പൊലീസ് അന്വേഷണത്തെയും രൂക്ഷമായി വിമർശിക്കുന്ന സർക്കുലർ ഇന്ന് എറണാകുളം - അങ്കമാലി അതിരൂപതയിലെ പള്ളികളിൽ വായിക്കും. കുർബാനയോടനുബന്ധിച്ച് അറിയിപ്പുകളുടെ സമയത്ത് സർക്കുലർ വായിക്കുകയോ ജനങ്ങളോടു വിശദീകരിക്കുകയോ ചെയ്യണമെന്ന് വികാരി ജനറൽ ഫാ. വർഗീസ് പൊട്ടയ്ക്കൽ നിർദ്ദേശിച്ചിട്ടുണ്ട്. അതിരൂപതയുടെ ചരിത്രത്തിലാദ്യമായാണ് കർദ്ദിനാളിനെതിരെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്. വ്യാജരേഖക്കേസിൽ അന്വേഷണം ശരിയായ രീതിയിലല്ലെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ജുഡിഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.

അന്വേഷണത്തിന്റെ പേരിൽ അതിരൂപതാംഗമായ യുവാവിനെ പൊലീസ് 48 മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിക്കുകയും വൈദികരുടെ പ്രേരണയാൽ താൻ നിർമ്മിച്ചതാണ് രേഖകളെന്ന് പറയാൻ നിർബന്ധിക്കുകയും ചെയ്തു. ഇത് മനുഷ്യാവകാശ ലംഘനമാണ്. യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കാക്കനാട് മജിസ്ട്രേട്ട് കോടതി പൊലീസിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സർക്കുലറിൽ പറയുന്നു.

സർക്കുലറിലെ മറ്റ് പരാമർശങ്ങൾ

വ്യാജരേഖയുപയോഗിച്ച് കർദ്ദിനാളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം സത്യവിരുദ്ധമാണ്. കർദ്ദിനാളിനെ അപമാനിക്കാൻ തയ്യാറാക്കിയ വ്യാജരേഖയാണെന്നാണ് ഫാ. ജോബി മാപ്രക്കാവിൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വൈദികരാരും വ്യാജരേഖ ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്തിട്ടില്ല. എന്നാൽ, വ്യാജരേഖ ചമച്ച കേസിൽ വൈദികർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. അതിരൂപതാംഗമായ ഒരു യുവാവിന് തന്റെ ജോലിക്കിടെ കേരള സഭയിലെ ചില മെത്രാന്മാരുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതെന്നു കരുതുന്ന ചില രേഖകൾ ലഭിച്ചിരുന്നു. യുവാവ് ആ രേഖകൾ ഫാ. പോൾ തേലക്കാട്ടിന് അയച്ചു. ഫാ. പോൾ തേലക്കാട്ട് രേഖകൾ ബിഷപ്പ് ജേക്കബ് മനത്തോടത്തിന് രഹസ്യമായി നൽകി. അദ്ദേഹം നിജസ്ഥിതിയറിയാൻ കർദ്ദിനാളിന് കൈമാറി. കർദ്ദിനാൾ ആലഞ്ചേരി ഇതു സിനഡിൽ അവതരിപ്പിച്ച് സത്യാവസ്ഥയറിയാൻ കേസ് കൊടുക്കാൻ തീരുമാനിച്ചു. കർദ്ദിനാളിനെ അപകീർത്തിപ്പെടുത്താൻ ചമച്ച രേഖകളാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് ബിഷപ്പ് മനത്തോടത്തിനെയും ഫാ. പോൾ തേലക്കാട്ടിനെയും പ്രതിയാക്കി സിനഡിനുവേണ്ടി കേസ് നൽകി.

ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ഫാ. പോൾ തേലക്കാട്ടിനെയും പ്രതികളാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി​യ കർദ്ദിനാൾ ഇവരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അത് പാലി​ച്ചി​ല്ല.