കോട്ടയം: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന സർട്ടിഫിക്കറ്റിന് (ജമ മാറ്റ സർട്ടിഫിക്കറ്റ്) 12000 രൂപ കൈക്കൂലി വാങ്ങിയ നഗരസഭ സീനിയർ ക്ലാർക്ക് അറസ്റ്റിൽ. കോട്ടയം നഗരസഭയുടെ നാട്ടകം സോണൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടറുടെ ചുമതലയുള്ള എം.ടി. പ്രമോദിനെയാണ് (49) വിജിലൻസ് ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാറും സംഘവും പിടികൂടിയത്. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. അപേക്ഷ മൂന്നു മാസം വൈകിപ്പിച്ച് കൈക്കൂലി വാങ്ങാൻ അവസരമൊരുക്കിയ സോണൽ ഓഫീസിലെ സൂപ്രണ്ട് സരസ്വതിക്കെതിരെയും കേസെടുത്തു.
ഇന്നലെ രാവിലെ 11.30ന് നാട്ടകത്തെ സോണൽ ഓഫീസിൽ നിന്നാണ് പ്രമോദിനെ പിടികൂടിയത്. പിതാവിന്റെയും മുത്തച്ഛന്റെയും പേരിലുള്ള സ്ഥലം നാട്ടകം സ്വദേശിയായ എബ്രഹാമിന്റെ പേരിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥലത്തുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള ജമ മാറ്റ സർട്ടിഫിക്കറ്റിനായി ഫെബ്രുവരിയിലാണ് അപേക്ഷ നൽകിയത്. തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച സരസ്വതിയും പ്രമോദും കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്നാണ് എബ്രഹാം വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിന് പരാതി നൽകിയത്.
തുടർന്ന് മൂന്നു ദിവസമായി പ്രമോദിനെ വിജിലൻസ് രഹസ്യമായി നിരീക്ഷിച്ചിരുന്നു. പരാതി സത്യമാണെന്ന് കണ്ടതോടെ ഇന്നലെ ഫിനോഫ്‌തലിൻ പൗഡറിട്ട 12000 രൂപ എബ്രഹാമിന്റെ കൈയിൽ കൊടുത്തയയ്‌ക്കുകയായിരുന്നു. പണം എബ്രഹാം നാട്ടകം സോണൽ ഓഫീസിൽ വച്ച് പ്രമോദിന് കൈമാറി. തുടർന്ന് സർട്ടിഫിക്കറ്റ് നൽകി. പിന്നാലെ എത്തിയ വിജിലൻസ് പ്രമോദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രമോദിന്റെ കൈയിലും പണമിട്ട പാന്റിന്റെ പോക്കറ്റിലും ഫിനോഫ്‌തലിൻ പൗഡർ കണ്ടെത്തി.
വിജിലൻസ് സി.ഐ റിജോ പി. ജോസഫ്, എസ്.ഐ സന്തോഷ്, എ.എസ്.ഐമാരായ തുളസീധരക്കുറുപ്പ്, സന്തോഷ്, അജിത് ശങ്കർ, വിനോദ്, അനിൽകുമാർ, ജയകുമാർ, സാജൻ, വിൻസന്റ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.