sojith

തലശ്ശേരി: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. കൊളശ്ശേരി സ്വദേശി കളരിമുക്കിലെ കുന്നിനേരി മീത്തൽ വീട്ടിൽ വി.കെ. സോജിത്ത് (25), കതിരൂർ പൊന്ന്യം വെസ്റ്റിലെ ചേരി പുതിയവീട്ടിൽ കെ. അശ്വന്ത് (20) എന്നിവരെയാണ് തലശ്ശേരി എ.എസ്.പി അരവിന്ദ് സുന്ദറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റുചെയ്തത്. തലശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അക്രമസംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റൊരു പ്രതിയും പൊലീസ് വലയിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തും.
ടൈൽസ് പണിക്കാരനായ അശ്വന്ത് സംഭവത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. ഇയാളാണ് നസീറിനെ ആഞ്ഞ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കയറ്റിറക്ക് തൊഴിലാളിയായ സോജിത്ത് ഗൂഢാലോചനയിൽ പങ്കാളിയാണ്. ഗൂഢാലോചനയിൽ ഇനിയും അഞ്ചിലേറെ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

പാർട്ടി ക്വട്ടേഷൻ

നസീറിനെതിരായ അക്രമസംഭവത്തിൽ പങ്കില്ലെന്ന സി.പി.എമ്മിന്റെ വാദമാണ് ഇവരുടെ അറസ്റ്റോടെ പൊളിയുന്നത്. തിരഞ്ഞടുപ്പിൽ നസീർ മത്സരിച്ചതുകൊണ്ടുള്ള വൈരാഗ്യത്തെ തുടർന്ന് പാർട്ടി പ്രാദേശിക നേതൃത്വം ഏല്പിച്ച ക്വട്ടേഷൻ പ്രതികൾ നടപ്പിലാക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായ സോജിത്ത് വടക്കുമ്പാട് പാറക്കെട്ടിലെ സി.പി.എം പ്രവർത്തകൻ ഷിധിനെ വധിച്ച കേസിലെ പ്രതിയാണ്. അശ്വന്ത് പൊന്ന്യത്ത് മറ്റൊരു സി.പി.എം പ്രവർത്തകനെ ബസിൽ നിന്നു വലിച്ചിറക്കി ആക്രമിച്ച കേസിലെ പ്രതിയാണ്.

ഈ മാസം 19 നാണ് സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭാംഗവുമായിരുന്ന നസീറിന് തലശ്ശേരിയിൽ വച്ച് വെട്ടേറ്റത്. നസീർ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌.