കൊച്ചി: ഉപഭോക്താക്കൾക്ക് മികവുറ്റ സേവനങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് എസ്.ബി.ഐ 28ന് 'മെഗാ കസ്‌റ്റമർ മീറ്റ്" സംഘടിപ്പിക്കും. രാജ്യത്തെ 17 പ്രാദേശിക ഹെഡ് ഓഫീസുകളുടെ കീഴിൽ വരുന്ന 500 സ്ഥലങ്ങളിലായി ഒരുലക്ഷം ഉപഭോക്താക്കളുമായാണ് മീറ്റിലൂടെ എസ്.ബി.ഐ സംവധിക്കുക. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ യോഗങ്ങളിൽ സംബന്ധിക്കും. കേരളത്തിലെ ഉപഭോക്താക്കൾക്ക് 29 കേന്ദ്രങ്ങളിൽ ഈ പരിപാടിയിൽ പങ്കെടുക്കാം.
യോഗത്തിൽ, ഉപഭോക്താക്കൾക്ക് ബാങ്ക് ജീവനക്കാരുമായി സംവദിക്കാം. ബാങ്കിന്റെ സേവനങ്ങൾ, ഉത്‌പന്നങ്ങൾ എന്നിവയെക്കുറിച്ച് ഉപഭോക്താക്കളുടെ ആശങ്കകൾ, നിർദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവ പങ്കുവയ്‌ക്കാം. സുരക്ഷിതവും തടസമില്ലാത്തതുമായ ബദൽ ബാങ്കിംഗ് ചാനലുകളെ കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും ഉപഭോക്താക്കൾക്ക് ക്ളാസെടുക്കും. ഏത് ഇടപാടുകളും നടത്താവുന്ന ഡിജിറ്റൽ ബാങ്കിംഗ്, ലൈഫ്‌സ്‌റ്റൈൽ പ്ളാറ്റ്‌ഫോമായ 'യോനോ എസ്.ബി.ഐ"യുടെ സവിശേഷതകളും സൗകര്യങ്ങളും ഉപഭോക്താക്കളെ പരിചയപ്പെടുത്തും. 2017 നവംബറിൽ അവതരിപ്പിച്ച എസ്.ബി.ഐ യോനോയ്ക്ക് ഇതിനകം രണ്ടുകോടി ഡൗൺലോഡുകൾ ലഭിച്ചിട്ടുണ്ട്.