lucifer-movie

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഇറങ്ങിയ ലൂസിഫറിനെതിരെ രൂക്ഷ വിമർശനവുമായി പ്ലാനിംഗ് ബോർഡ് അംഗവും കേരള സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. ബി. ഇക്ബാൽ. ഈ വർഷം ഇറങ്ങിയ ചിത്രം 200 കോടിയിലേറെ കളക്ഷൻ നേടി പ്രദർശനം തുടരുന്നതിനിടയിലാണ് ഇക്ബാലിന്റെ വിമർശനം.

നവ സിനിമാ തരംഗം കേരളത്തിൽ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോയെന്ന് ഇക്ബാൽ ചോദിച്ചു. മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിനു നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥ്വിരാജും മുരളി ഗോപിയും മോഹൻലാലും ലൂസിഫറിലൂടെ ചെയ്യുന്നതെന്ന് ഇക്ബാല്‍ ആരോപിച്ചു. ആമസോണ്‍ പ്രൈമിലൂടെ ലൂസിഫർ കണ്ട് കഴിഞ്ഞ തനിക്ക് ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയാണ് സിനിമയെ വിശേഷിപ്പിക്കാന്‍ തോന്നിയെതെന്നും ഇക്ബാൽ ഫേസ്ബുക്ക് കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫർ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങിനെ വിശേഷിപ്പിക്കാൻ കഴിയും ഈ തട്ടിപൊളിപ്പൻ ബ്ലോക്ക് ബസ്റ്റർ സിനിമയെ? മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളിഗോപി രചനയും നിർവഹിച്ച് സൂപ്പർ സ്റ്റാർ മോഹൻലാലും പ്രധാന വേഷത്തിൽ വരുന്ന , ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫർ മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ് ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ, സ്തീത്വത്തെ അപമാനിക്കുന്ന അർദ്ധ നഗ്ന ഐറ്റം ഡാൻസ്
അടക്കം നിരവധി ചിത്രങ്ങളിൽ ആവർത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങൾ തന്നെയാണ് വിളമ്പിത്തരുന്നത്.

കമ്മട്ടിപ്പാടം മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി നവ സിനിമാ തരംഗം കേരളത്തിൽ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻ ലാലും. ലൂസിഫറിലൂടെ.