കൊൽക്കത്ത: മുഖ്യമന്ത്രിയായി തുടരാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്നും അക്കാര്യം നേരത്തേ തന്നെ പാർട്ടിയെ അറിയിച്ചിരുന്നതാണെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ആദ്യമായി വാർത്താസമ്മേളനം നടത്തുകയായിരുന്നു മമത. ''എനിക്ക് നന്നായി ജോലി ചെയ്യാനാകുന്നില്ലെന്ന് ആറുമാസംമുമ്പ് തന്നെ ഞാൻ പാർട്ടിയെ അറിയിച്ചതാണ്. ഞാനൊരു അധികാരമില്ലാത്ത മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രി കസേര എനിക്ക് ഒന്നുമല്ല. പാർട്ടിയാണ് വലുത്."- മമത പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിലെ വിശ്വാസ്യതയെയും മമത ചോദ്യംചെയ്തു. ''ബി.ജെ.പിയുടെ ഈ വലിയ വിജയം സംശയിക്കേണ്ടതാണ്. പല സംസ്ഥാനങ്ങളിലും എങ്ങനെയാണ് പ്രതിപക്ഷം അപ്പാടെ ഇല്ലാതായത്? ജനങ്ങൾക്ക് ഇക്കാര്യം പറയാൻ ഭയമാണ്. പക്ഷേ എനിക്കതില്ല. ചില വിദേശ ശക്തികൾ ഇതിൽ ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾ ധീരമായൊരു തീരുമാനം എടുക്കാൻ തയ്യാറാണെങ്കിൽ മാത്രമേ എനിക്ക് ഈ സ്ഥാനത്ത് തുടരാൻ കഴിയൂ. ബി.ജെ.പിയുടെ വോട്ട് ഷെയർ വന്നത് ഇടതുപക്ഷത്ത് നിന്നാണ്. അത് കണക്കാണ്. " മമത വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തകർത്ത് അധികാരത്തിലെത്തിയ മമതയ്ക്ക് കനത്ത ആഘതമാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്. ആകെയുള്ള 42 ലോക്സഭാ സീറ്റുകളിൽ 18 എണ്ണവും ഇക്കുറി ബി.ജെ.പി നേടിയപ്പോൾ 22 സീറ്റുകൾ മാത്രമാണ് മമതയുടെ തൃണമൂലിന് നേടാനായത്. 2014ൽ വെറും 2 സീറ്റുകൾ മാത്രമായിരുന്നു ബി.ജെ.പിക്ക് ഉണ്ടായിരുന്നത്.