stalin

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾകൊണ്ട് മാത്രം രൂപീകരിക്കപ്പെട്ടതല്ല ഇന്ത്യ. ഏതെങ്കിലും ഒരു സംസ്ഥാനത്തെപ്പോലും അവഗണിക്കാൻ കേന്ദ്രത്തിലെ ഒരു സർക്കാരിനും കഴിയില്ല- സ്റ്റാലിൻ പറഞ്ഞു.

ദേശീയതലത്തിലെ യു.പി.എയുടെ തിരിച്ചടി മൂലം തമിഴ്​നാട്ടിലെ തിളക്കമാർന്ന വിജയം കൊണ്ട്​ കാര്യമില്ലാതായെന്ന പ്രവർത്തകരുടെ അഭിപ്രായങ്ങൾക്ക്​ മറുപടി പറയു​കയായിരുന്നു സ്​റ്റാലിൻ. തമിഴ്​നാട്ടിൽ ഇക്കുറി എ.ഐ.എ.ഡി.എം.കെയുമായി ചേർന്നാണ്​ ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്​. എന്നാൽ, കാര്യമായ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക്​ സാധിച്ചിരുന്നില്ല. തമിഴ്​നാട്ടിലെ ബി.ജെ.പിയുടെ പരാജയത്തെ വിമർശിച്ച്​ നിരവധി ട്വീറ്റുകൾ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബി.ജെ.പി സർക്കാരിന്​ തമിഴ്​നാടിനെ അവഗണിച്ച്​ മുന്നോട്ട്​ പോകാൻ സാധിക്കില്ലെന്ന വ്യക്തമായ സൂചനയുമായി സ്​റ്റാലിനും രംഗത്തെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡി.എം.കെ ഉൾപ്പെട്ട യു.പി.എ സഖ്യത്തിന് ആകെയുള്ള 38ൽ 37 സീറ്റാണ് ലഭിച്ചത്. പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും ഡി.എം.കെ സഖ്യത്തിന് തന്നെയായിരുന്നു വിജയം.