saradakutty

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 19 സീറ്റുകൾ ലഭിച്ച് വിജയിച്ച യു.ഡി.ഫ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. മുമ്പ് അഴിമതിയിൽ മുങ്ങിക്കുളിച്ച് നിന്നവരെയും പെൺപീഢനക്കേസിലെ ആരോപിതരെ ഉൾപ്പെടെയാണ് ഇപ്പോൾ വിജയിപ്പിച്ചതെന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിൽ വിജയിച്ചതിന് നിങ്ങളെ അഭിനന്ദനത്തിന്റെ അവശ്യമൊന്നുമില്ലെന്നും,​ ഒാർക്കാപ്പുറത്തെ ജയം കൊണ്ട് തങ്ങൾ 'സംശുദ്ധ'രാഷ്ട്രീയക്കാരായി പോയെന്ന വല്യ ഭാവം ആർക്കും വേണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു. പല തവണ അടിച്ചു പുറത്തു കളഞ്ഞപ്പോഴുള്ള അതേ 'ഗുണഗണങ്ങൾ ' മാത്രമേ നിങ്ങളിൽ ഇപ്പോഴും ഉള്ളു എന്നും നാളെ മുതൽ അതു കൂടുതൽ ശക്തമാവുകയേയുള്ളുവെന്നും അവർ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അഴിമതിയിൽ മുങ്ങിക്കുളിച്ച് കിടന്നവരെത്തന്നെയാണ്, മൂന്നു വർഷം മുൻപ് തൂത്തുവാരിതോൽപിച്ചവരെത്തന്നെയാണ്, പെൺപീഢനക്കേസിലെ ആരോപിതരെ ഉൾപ്പെടെയാണ് ഇപ്പോൾ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചിരിക്കുന്നത് എന്നു മറക്കരുത്.

ഓർക്കാപ്പുറത്തു കിട്ടിയ വിജയം കൊണ്ട് തങ്ങൾ 'സംശുദ്ധ'രാഷ്ട്രീയക്കാരായി പോയെന്ന വല്യ ഭാവം ആർക്കും വേണ്ട. പല തവണ അടിച്ചു പുറത്തു കളഞ്ഞപ്പോഴുള്ള അതേ 'ഗുണഗണങ്ങൾ ' മാത്രമേ നിങ്ങളിൽ ഇപ്പോഴും ഉള്ളു എന്നും നാളെ മുതൽ അതു കൂടുതൽ ശക്തമാവുകയേയുള്ളുവെന്നും കേരളത്തിലറിയാത്തവരില്ല. അതു കൊണ്ട് വലിയ അഭിനന്ദനമൊന്നും അഭിനന്ദിക്കാനില്ല.

ഇടതുപക്ഷ സർക്കാർ, അതിന്റെ കഴിഞ്ഞ വർഷങ്ങളിൽ തുടങ്ങി വെച്ച ജനോപകാരപ്രദമായ നടപടികൾ പൂർത്തീകരിക്കുവാനും ജനങ്ങളുടെ വിശ്വാസമാർജ്ജിക്കുവാനുള്ള കഠിന പരിശ്രമങ്ങളിൽ ഏർപ്പെടുവാനുമായിരിക്കട്ടെ ഇനിയുള്ള രണ്ടു വർഷം ശ്രദ്ധ കേന്ദ്രീകരിക്കുക.

'കൂലിയെഴുത്തുകാരി'യായതുകൊണ്ടല്ല, കൂടുതൽ വിശ്വാസത്തോടെ ,കൂടുതൽ ആത്മാഭിമാനത്തോടെ, കൂടുതൽ പ്രതീക്ഷയോടെ നിൽക്കാൻ എനിക്ക് വേറെയൊരു പക്ഷമില്ല എന്നതുകൊണ്ടാണ്.

എസ്.ശാരദക്കുട്ടി
25.5.2019