nithin-padman
നിധിൻ പത്മൻ

പുൽപ്പള്ളി: വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയുടെ വെടിയേറ്റ് യുവാവ് മരിച്ചു. ബന്ധുവിന് ഗുരുതര പരിക്ക്. പുൽപ്പള്ളി കാപ്പിസെറ്റ് കന്നാരം പുഴ കാട്ടുമാക്കൽ പത്മനാഭന്റെ മകൻ നിധിൻ പത്മൻ (32) ആണ് മരിച്ചത്. പിതൃ സഹോദരൻ കിഷോർ(50) വയറിനേറ്റ ഗുരുതര പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. നിധിന്റെ വീടിന്റെ മുന്നിൽ വച്ച് അയൽവാസിയായ പുളിക്കൽ ചാർളി വാക്ക് തർക്കമുണ്ടാക്കി. ഈ സമയം ഏതാനും സുഹൃത്തുക്കളും ബന്ധുവായ കിഷോറും സമീപത്തുണ്ടായിരുന്നു. തർക്കം മൂത്തപ്പോൾ ചാർളി വീട്ടിൽ നിന്ന് തോക്കുമായെത്തി വെടിയുതിർക്കുകയായിരുന്നു. നിധിന്റെ ഇടതുനെഞ്ചിനും കിഷോറിന്റെ വയറിനുമാണ് വെടിയേറ്റത്. നിധിൻ തത്ക്ഷണം മരിച്ചു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ചാർളി ഓടി രക്ഷപ്പെട്ടു. ഇയാൾ സമീപത്തുതന്നെയുള്ള കർണാടക വനത്തിൽ ഒളിച്ചതായി പൊലീസ് അധികൃതർ സംശയിക്കുന്നു.ഇരു കുടുംബങ്ങളും തമ്മിൽ വസ്തു സംബന്ധിച്ച തർക്കങ്ങളുണ്ടായിരുന്നെങ്കിലും നാട്ടു മദ്ധ്യസ്ഥതയിൽ പറഞ്ഞു തീർത്തിരുന്നു. എങ്കിലും പലപ്പോഴും ഇത് സംബന്ധിച്ച് വഴക്കുണ്ടാകുമായിരുന്നതായി സമീപവാസികൾ പറഞ്ഞു.

അവിവാഹിതനായ ചാർളി നിരവധി അടിപിടി കേസുകളിലും കർണാടക വനംവകുപ്പിന്റെ കേസുകളിലും പ്രതിയായിരുന്നു. മാനന്തവാടി എ.എസ്.പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫോറൻസിക്, ഡോഗ് സ്‌ക്വാഡ് എന്നിവരും വിശദ പരിശോധന നടത്തി. നിധിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. റിട്ട. ഹെൽത്ത് നഴ്‌സ് സരോജിനിയാണ് നിധിന്റെ അമ്മ. ആതിരയാണ് ഭാര്യ. ഏകമകൾ യാമി.