ന്യൂഡൽഹി: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം മേയ് 17ന് സമാപിച്ച വാരത്തിൽ 200 കോടി ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. 41,800 കോടി ഡോളറായാണ് ശേഖരം താഴ്‌ന്നത്. മൂന്നുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. യൂറോ, പൗണ്ട്, യെൻ തുടങ്ങിയ മറ്ര് പ്രധാന കറൻസികൾക്കെതിരെ ഡോളർ കാഴ്‌ചവച്ച മുന്നേറ്റമാണ് വിദേശ നാണയ ശേഖരം കുറയാനിടയാക്കിയത്.
കഴിഞ്ഞവാരം ഡോളറിന്റെ മൂല്യം മൂന്നുമാസത്തെ ഉയരത്തിലെത്തിയിരുന്നു. രൂപ ഡോളറിനെതിരെ 70.5 വരെയാണ് ഇടിഞ്ഞത്. ഡോളറിന്റെ മൂല്യം കുത്തനെ കൂടിയെങ്കിലും മറ്റ് കറൻസികളുടെ മൂല്യം വൻതോതിൽ താഴ്‌ന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ 70 ശതമാനത്തോളം ഡോളറും ബാക്കി മറ്റു കറൻസികളുമാണ്. കഴിഞ്ഞവാരം വിദേശ നാണയ ആസ്‌തി 203 ഡോളർ ഇടിഞ്ഞു. ഐ.എം.എഫിലെ ഇന്ത്യയുടെ 'റിസർവ് പൊസിഷൻ" 16.9 കോടി ഡോളറിന്റെ ഇടിവും കുറിച്ചു. അതേസമയം, ഇൻ്ത്യയുടെ കരുതൽ സ്വർണശേഖരം 2,300 കോടി ഡോളറിൽ മാറ്റമില്ലാതെ തുടർന്നു.