കൽപ്പറ്റ: കടക്കെണിയിൽ കുടുങ്ങി വയനാട്ടിൽ ഒരു കർഷകൻകൂടി ജീവനൊടുക്കി. പനമരം നീർവാരത്ത് ദിനേശ് മന്ദിരത്തിൽ ദിനേശൻ (60) ആണ് മരിച്ചത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ കടബാദ്ധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി വീട്ടിൽവച്ച് വിഷം കഴിച്ചതിനെ തുടർന്ന് ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരണം സംഭവിച്ചു. കഴിഞ്ഞ ആറ് മാസത്തിനിയിൽ വയനാട്ടിലെ എട്ടാമത്തെ കർഷക ആത്മഹത്യയാണിത്.
കൃഷി ആവശ്യത്തിനായി വിവിധ ബാങ്കുകളിൽനിന്ന് ദിനേശൻ വായ്പ എടുത്തിരുന്നു. പനമരം ഭൂപണയ ബാങ്ക്, കനറാ ബാങ്ക്, നോർത്ത് മലബാർ ഗ്രാമീണ ബാങ്ക്, പനമരം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലായി 20 ലക്ഷത്തിനു മുകളിൽ കടബാദ്ധ്യത ഉള്ളതായി സഹോദരൻ ദിലീപ് പറഞ്ഞു. നാല് ഏക്കർ സ്ഥലമാണ് ഉള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി കാട്ടാന ശല്യം മൂലം കൃഷി നശിച്ചതും തിരിച്ചടിയായതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുജിതകുമാരി. മക്കൾ :സുവിത, ദർശന. മരുമകൻ: മനോജ്.