ഗോയലിന്റെ ഭാര്യയുടെ യാത്രയും വിലക്കി
മുംബയ്: ബാങ്കുകളിൽ നിന്ന് വൻതുക വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ വിദേശത്തേക്ക് മുങ്ങുന്ന 'ട്രെൻഡ്" ഇനി അനുവദിക്കില്ലെന്ന ശക്തമായ സൂചനയുമായി കേന്ദ്രസർക്കാർ. കടബാദ്ധ്യതയെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച സ്വകാര്യ വിമാനക്കമ്പനിയായ ജെറ്ര് എയർവേസിന്റെ സ്ഥാപകനും മുൻ ചെയർമാനുമായ നരേഷ് ഗോയലിനെയും ഭാര്യയെയും ഇന്നലെ വിദേശത്തേക്ക് പറക്കാനുള്ള ശ്രമത്തിനിടെ മുംബയ് വിമാനത്താവളത്തിൽ ഇമ്മിഗ്രേഷൻ അധികൃതർ തടഞ്ഞു. കേന്ദ്ര കോർപ്പറേറ്ര് കാര്യ മന്ത്രാലയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്ര് എന്നിവയുടെ നിർദേശ പ്രകാരമാണ് നടപടിയെന്നാണ് സൂചന.
വൻ വായ്‌പകൾ കിട്ടാക്കടമാക്കി വിജയ് മല്യ, നീരവ് മോദി തുടങ്ങിയ ബിസിനസ് പ്രമുഖർ വിദേശത്തേക്ക് കടന്നത് സർക്കാരിന് ക്ഷീണമുണ്ടാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്ക് എമിറേറ്ര്‌സിന്റെ ദുബായിലേക്കുള്ള ഇ.കെ - 507 വിമാനത്തിൽ കയറാനുള്ള ശ്രമത്തിനിടെയാണ് നരേഷ് ഗോയലിനെയും ഭാര്യ അനിത ഗോയലിനെയും തടഞ്ഞത്. അനിത, ജെറ്ര് എയർവേസിന്റെ ഡയറക്‌ടർ ആയിരുന്നു. എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് കൺസോർഷ്യത്തിന് 8,000 കോടിയോളം രൂപയുടെ വായ്‌പയാണ് ജെറ്ര് എയർവേസ് തിരിച്ചടയ്‌ക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെ, ജെറ്ര് എയർവേസിന്റെ നിയന്ത്രണം ബാങ്കുകൾ ഏറ്റെടുത്തിരുന്നു. തുടർന്ന്, നരേഷ് ഗോയലും അനിത ഗോയലും രാജിവച്ചു.
ഏപ്രിൽ 17ന് ജെറ്ര് എയർവേസ് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്‌തു. ജീവനക്കാർക്കുള്ള ശമ്പള കുടിശിക, വിമാനങ്ങളുടെ പാട്ടക്കുടിശിക എന്നിവ ഉൾപ്പെടെ നിലവിൽ 15,000 കോടി രൂപയുടെ കടബാദ്ധ്യതയാണ് കമ്പനിക്കുള്ളത്. ഗോയലിന്റെയും മറ്റ് ഡയറക്‌ടർ, കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് ജെറ്ര് എയർവേസിന്റെ സ്‌റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് കിരൺ പവാസ്‌കർ കഴിഞ്ഞമാസം മുംബയ് പൊലീസ് കമ്മിഷണർക്ക് കത്തു നൽകിയിരുന്നു.
899 രൂപയ്ക്ക് വിമാന
ടിക്കറ്റുമായി ഗോ എയർ
899 രൂപയുണ്ടോ? ആഭ്യന്തര വിമാനയാത്ര നടത്താം. ഗോ എയറാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. 'മെഗാ മില്യൺ സെയിൽ" എന്ന പേരിൽ ബുക്കിംഗ് മേയ് 27ന് ആരംഭിച്ച് 29ന് സമാപിക്കും. പത്തുലക്ഷം ടിക്കറ്റുകൾ വില്പനയ്ക്കുണ്ട്. ജൂൺ 15നും ഡിസംബർ 31നും ഇടയിലാണ് യാത്ര ചെയ്യാനാവുക. മിനിമം 2,499 രൂപയുടെ ടിക്കറ്ര് പേടിഎം വാലറ്റിലൂടെ പണം നൽകി വാങ്ങിയാൽ 500 രൂപയുടെ കാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ചില ആപ്പുകളിലൂടെയുള്ള പേമെന്റിന് 10 മുതൽ 25 ശതമാനം വരെ ഡിസ്‌കൗണ്ടും ഗോ എയർ വാഗ്‌ദാനം ചെയ്യുന്നുണ്ട്.