ന്യൂഡൽഹി: പുതിയ ഇന്ത്യയ്‌ക്കായി പുതിയ തുടക്കത്തിന് പ്രതിജ്ഞ ചെയ്‌തും ആഹ്വാനം നൽകിയും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പുകൾ വിഭാഗീയതയുടേതാകുന്ന പതിവിൽ നിന്ന് വ്യത്യസ്‌തമായി, ഈ തിരഞ്ഞെടുപ്പ് മതിലുകൾ തകർത്ത് ഹൃദയങ്ങളെ ഒന്നാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റ് സെൻട്രൽ ഹാളിൽ, എൻ.ഡി.എ നേതാവിനെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ സഖ്യത്തിന്റെ 353 എം.പിമാരെ അഭിസംബോധന ചെയ്‌ത് മോദി നടത്തിയത് കൃതജ്ഞതയിൽ പൊതിഞ്ഞും, മഹാജയം സമ്മാനിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്ന ഉറപ്പിൽ ഹൃദയം തൊട്ടുമുള്ള പ്രസംഗം.
ഭരണാനുകൂല വികാരമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഈ വിശ്വാസം ജനങ്ങളും സർക്കാരുമായും മാത്രമല്ല, ജനങ്ങൾക്കിടയിൽത്തന്നെയും ദൃഢമായി. ഒരു തീർത്ഥാടനം പോലെയായിരുന്നു തിരഞ്ഞെടുപ്പുകാലം. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണം- ദേശീയ ജനാധിപത്യ സഖ്യത്തിലെ മുഴുവൻ കക്ഷികളുടെയും നേതാക്കൾ കൂടി പങ്കെടുത്ത യോഗത്തിൽ മോദി പറഞ്ഞു.
എൻ.ഡി.എ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, ഘടകകക്ഷി നേതാക്കൾക്കൊപ്പം രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തിയ നരേന്ദ്രമോദിയെ പുതിയ സർക്കാർ രൂപീകരിക്കാൻ അദ്ദേഹം ക്ഷണിച്ചു. മോദി മന്ത്രിസഭ 30 ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും.
ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി സർക്കാർ നോക്കുകുത്തിയാക്കിയെന്ന പ്രതിപക്ഷ പ്രചാരണത്തിന് മറുപടിയെന്നോണം, ഭരണഘടനയ്‌ക്കു മുന്നിൽ ശിരസ്സു നമിച്ച് വന്ദിച്ചതിനു ശേഷമായിരുന്നു എൻ.ഡി.എ പാർലമെന്ററി ബോർഡ് യോഗത്തിൽ മോദിയുടെ പ്രസംഗം.വലിയ ഉത്തരവാദിത്വമാണ് ഈ തിരഞ്ഞെടുപ്പു ഫലം നൽകുന്നത്. അത് പൂർണമായും നിറവേറ്റും. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഇടനാഴിയിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാവരെയും സഹായിക്കാൻ സദാ സന്നദ്ധരായിരിക്കണമെന്ന് എം.പിമാരെ അദ്ദേഹം ഓർമ്മിപ്പിച്ചു. ജനപ്രതിനിധികൾക്ക് ഭേദഭാവം പാടില്ലെന്നു പറഞ്ഞ മോദി, എം.പിമാർ അനാവശ്യ പ്രസ്‌താവനകൾ നടത്തരുതെന്ന് ഓർമ്മിപ്പിക്കാനും മറന്നില്ല.
എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം, എല്ലാവരുടെയും വിശ്വാസം - അതാണ് ലക്ഷ്യം. ഗാന്ധിജിയെയും അംബേദ്‌കറെയും മാതൃകയാക്കാൻ ആഹ്വാനം ചെയ്‌തതിനൊപ്പം പ്രലോഭനങ്ങളിൽ വീണുപോകരുതെന്ന് പുതിയ എം.പിമാരോട് മോദി ആഹ്വാനം ചെയ്യുകയും ചെയ്‌തു.
നേരത്തേ, എൻ.ഡി.എയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേദന്ദ്രമോദിയെ യോഗം ഏകകണ്‌ഠമായി തിരഞ്ഞെടുത്തു. ആദ്യം മോദിയെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവായി പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നിർദ്ദേശിച്ചു. രാജ്നാഥ് സിംഗും നിതിൻ ഗഡ്കരിയും പിന്തുണച്ചു. തുടർന്ന്, എൻ.ഡി.എയുടെ പാർലമെന്ററി പാർട്ടി നേതാവിനായി പേരു നിർദ്ദേശിക്കാൻ ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ ആവശ്യപ്പെട്ടതോടെ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മോദിയുടെ പേര് നിർദേശിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും എൽ.ജെ.പി നേതാവ് രാംവിലാസ് പാസ്വാനും പിന്തുണച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ എന്നിവർ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചുകൊണ്ടുള്ള പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.
പ്രധാനമന്ത്രിയായി രണ്ടാംവട്ടം അധികാരമേൽക്കും മുൻപ്, മോദി ഇന്നു വൈകിട്ട് ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങും. നാളെ വാരണാസിയിലെത്തുന്ന അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും.