modi-

ന്യൂഡൽഹി: പിന്തുണച്ചവർക്കും അല്ലാത്തവരെയും ഒപ്പം നിറുത്തി എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം എന്നതാണ് ലക്ഷ്യമെന്ന് നരേന്ദ്രമോദി. എൻ.ഡി.എയുടെ പാർലമെന്ററി യോഗത്തിന് ശേഷം നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്തെങ്കിലുമൊക്കെ ചെയ്യാനല്ല ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനാണ് നമ്മളിവിടെ എത്തിയതെന്നും മോദി പറഞ്ഞു. തന്നെ നേതാവായി തിരഞ്ഞെടുത്ത പാർട്ടിക്കും എൻ.ഡി.എ ഘടകകക്ഷികൾക്കും മോദി നന്ദി അറിയിച്ചു.

ഇത് പുതിയ ഇന്ത്യയുടെ തുടക്കമാണ്. മികച്ച വിജയം ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാൻ എപ്പോഴും തയ്യാറായിരിക്കണമെന്നും മോദി പറഞ്ഞു. ഞാൻ നിങ്ങളിലൊരാളാണ്, നിങ്ങളെപ്പോലെയൊരാളാണ്. തിരഞ്ഞെടുപ്പ് ജനങ്ങളെ വിഭജിക്കുമെന്നും ജനങ്ങളിൽ അകലം സൃഷ്ടിക്കുമെന്നും അവർക്കിടയിൽ മതിലുകൾ ഉയർത്തുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ 2019 ലെ തിരഞ്ഞെടുപ്പ് മതിലുകൾ പൊളിക്കുന്നതായിരുന്നു.

പുതിയ യുഗത്തിന്റെ സാക്ഷികളാണ് നമ്മൾ. വിശ്വാസത്തിന്റെ ചരടിലാണ് ഭരണ അനുകൂല തരംഗം ബന്ധിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളും സർക്കാരും തമ്മിലുള്ള ബന്ധം മാത്രമല്ല ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടിയാണ് ഈ വിശ്വാസത്തിന് ജന്മം നല്‍കിയത്. സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്രയധികം വനിതാ എം,​പിമാർ പാർലമെന്റിൽ എത്തുന്നത്. വനിതാ ശാക്തീകരണത്തിന് ഇത് വഴിയൊരുക്കുമെന്നും മോദി വ്യക്തമാക്കി.

ഈ വിജയം മോദിയുടേതല്ല, ജനങ്ങൾ നൽകിയ വിജയമാണ്. മാദ്ധ്യമങ്ങളോടട് സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. പ്രസ്താവനകൾ ഇറക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. അഹങ്കാരം വെടിഞ്ഞ് പ്രവർത്തിക്കണമെന്നും മോദി എം.പിമാരോട് ഉപദേശിച്ചു. പ്രധാനമന്ത്രിയാണെങ്കിലും പ്രത്യേകമായ പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കേണ്ടതുണ്ട്. വിമാനത്താവളങ്ങളിൽ എത്തുമ്പോഴും പരിഗണന ലഭിക്കണമെന്നില്ല, മറ്റുള്ളവരോടൊപ്പം വരിനിന്ന് സുരക്ഷാ പരിശോധനകൾക്കായി കാത്തിരിക്കാന്‍ തയ്യാറാണെന്നും മോദി പറഞ്ഞു.

വേദിയില്‍ സ്ഥാപിച്ചിരുന്ന ഭരണഘടനയുടെ പ്രതിയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്.