കോട്ടയം:കോട്ടയത്ത് നാഗമ്പടം റെയിൽവേ മേൽപാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം മേഖലയിൽ ഇന്ന് ട്രെയിൻഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് കോട്ടയം വഴിയുള്ള മെമു, കൊല്ലം - ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ - കൊല്ലം പാസഞ്ചർ, കോട്ടയം വഴിയുളള കായംകുളം - എറണാകുളം പാസഞ്ചർ, കോട്ടയം - കൊല്ലം പാസഞ്ചർ, കൊല്ലം - കോട്ടയം പാസഞ്ചർ എന്നിവ റദ്ദാക്കി.
നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന്റെ 2 ഭാഗങ്ങളും 2 കമാനങ്ങളും മുറിച്ചു നീക്കി. ഇനി നാലു ഭാഗങ്ങൾ കൂടി മുറിച്ചു നീക്കാനുണ്ട്. ഞായറാഴ്ച പുലർച്ചെ 1.15ന് ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് അറിയിച്ചത്. ഞായറാഴ്ച പാസഞ്ചർ ട്രെയിനുകൾ ഉണ്ടാകില്ല. ഇന്നലെ രാത്രി 1.15 മുതൽ കോട്ടയം വഴി ട്രെയിനുകൾ ഓടിയിരുന്നില്ല.
രാത്രിയോടെ പണികൾ പൂർത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാൽ ബലമേറിയ കോൺക്രീറ്റു പാളികൾ മുറിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും. ഞായറാഴ്ച പുലർച്ചെ 1.15ന് ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.