ഓവൽ: ഏകദിന ലോകകപ്പിലെ ചാമ്പ്യൻപട്ടം ലക്ഷ്യമിട്ടെത്തിയ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരായ ആദ്യ സന്നാഹത്തിൽ അടിതെറ്റി. സ്വിംഗ് ബൗളിംഗിനെ കളിക്കുന്നതിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ദൗർബല്യം തുറന്നുകാട്ടപ്പെട്ട മത്സരത്തിൽ 6 വിക്കറ്റിനാണ് ന്യൂസിലൻഡിന്റെ വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 39.2 വെറും 179 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 37.1 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (180/4).
ഐ.പി.എൽ കഴിഞ്ഞുള്ള വിശ്രമത്തിന് ശേഷമെത്തിയ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. നായകൻ വിരാട് കൊഹ്ലി ഉൾപ്പെടെയുള്ള മുൻനിര ബാറ്റ്സ്മാൻമാരെല്ലാം പരാജയപ്പെട്ടപ്പോൾ 54 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ നൂറ് കടത്തിയത്. കുൽദീപിനെ കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ ജഡേജ നടത്തിയ ചെറുത്ത് നില്പില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ പതനം ഇതിലും ദയനീയമായേനെ. 6.2 ഓവറിൽ ഒരു മെയ്ഡനുൾപ്പെടെ 33 റൺസ് നൽകി നാല് വിക്കറ്റ് വീഴ്ത്തിയ കിവി പേസർ ട്രെൻഡ് ബൗൾട്ടാണ് ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.
ടോസ് നേടിയ കൊഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ടീം സ്കോർ മൂന്നിൽ എത്തിയപ്പോൾ രോഹിത് ശർമ്മയെ (2)ബൗൾട്ട് എൽബിയിൽ കുരുക്കി പറഞ്ഞയച്ചു. അധികം വൈകാതെ മറ്റൊരു ഓപ്പണർ ശിഖർ ധവാനെ (2) ബൗൾട്ട് വിക്കറ്റ് കീപ്പർ ബ്ലെൻഡലിന്റെ കൈയിൽ ഒതുക്കി. തലവേദനയായ നാലാം നമ്പറിലിറങ്ങിയ കെ.എൽ.രാഹുലും പരാജയമായി. രാഹുലിനെ (6) ബൗൾട്ട് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.നന്നായി കളിച്ച് തുടങ്ങിയ കൊഹ്ലിയെ (18) ഗ്രാൻഡ്ഹോമെ ക്ലീൻബൗൾഡാക്കി. മൂന്ന് ബൗണ്ടറി കൊഹ്ലി നേടി. ചെറുത്ത് നിക്കാൻ ശ്രമിച്ച ഹാർദ്ദിക് പാണ്ഡ്യ 37 പന്തിൽ 30 റൺസെടുത്ത് നീഷമിന്റെ പന്തിൽ ബ്ലെൻഡൽ പിടിച്ച് പുറത്തായി. ദിനേഷ് കാർത്തിക്കിനും (4) പിടിച്ചു നിൽക്കാനായില്ല. കാർത്തിക്കിനെ നീഷമിന്റെ പന്തിൽ സോധിയാണ് പിടിച്ചത്. ഒരു മണിക്കൂറോളം ക്രീസിൽ നിന്ന് 42 പന്തിൽ നിന്ന് 17 റൺസ് നേടിയ ധോണി സൗത്തിയുടെ പന്തിൽ നീഷമിന് ക്യാച്ച് നൽകി മടങ്ങിയതോടെ 91/7 എന്ന നിലയിലായി ഇന്ത്യ. ഭുവനേശ്വർ കുമാറിനെ (1) ടെയ്ലറുടെ കൈയിൽ നീഷം ഒതുക്കിയതോടെ 115/8 എന്ന നിലയിലായി ഇന്ത്യ. പിന്നീടെത്തിയ കുൽദീപ് യാദവിനെ (19) കൂട്ടുപിടിച്ച് ജഡേജ നടത്തിയ രക്ഷാ പ്രവർത്തനം ഇന്ത്യയെ 150 കടത്തി. ടീം സ്കോർ 177ൽ വച്ച് ജഡേജയെ ഗപ്ടിലിന്റെ കൈയിൽ എത്തിച്ച് ഫെർഗൂസനാണ് കൂട്ടുകെട്ട് പൊളിച്ചത്. 6 ഫോറും 2 സിക്സും ജഡേജയുടെ ബാറ്റിൽ നിന്ന് പിറന്നു. അധികം വൈകാതെ കുൽദീപിനെ സ്വന്തം ബൗളിംഗിൽ പിടികൂടി ബൗൾട്ട് തന്നെ ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടു. ഷാമി (2) പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ ന്യൂസിലൻഡിനെ അർദ്ധസെഞ്ച്വറി നേടിയ നായകൻ വില്യംസണും (67), റോസ് ടെയ്ലറും (71) ചേർന്ന് വിജയ ലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ബുംറ, പാണ്ഡ്യ,ചഹാൽ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.