mv-govindan-

കണ്ണൂർ :വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനം സി.പി.എം ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ. വിശ്വാസി സമൂഹത്തെ വിശ്വാസി സമൂഹമായിത്തന്നെ കാണണം. സി.പി.എമ്മിലും വലിയൊരു വിഭാഗം വിശ്വാസികളുണ്ട്. വിശ്വാസികളെയും മതത്തെയും അവസാനിപ്പിക്കുക എന്നതു സി.പി.എം അജണ്ടയല്ല. വിശ്വാസിയും അവിശ്വാസിയും ഉൾപ്പെടെ എല്ലാ സമൂഹത്തെയും ഒപ്പം നിറുത്താതെ മുന്നോട്ടുപോകാനാകില്ലെന്ന് സി.പി.എം ഉൾപ്പെടെയുള്ളവർ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ പഠനക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസിസമൂഹത്തെ ഒപ്പം നിറുത്തിക്കൊണ്ടേ ഇടതുപക്ഷ പ്രസ്ഥാനത്തിനു വർഗസമരത്തിൽ മുന്നോട്ടുപോകാനാകൂ. മസിൽപവർ കൊണ്ടു വൈരുദ്ധ്യാത്മക ഭൗതികവാദിയാകാനാകില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം പഠിച്ച്‌ ജീവിതത്തിൽ നടപ്പാക്കുമ്പോഴാണ് അതിനു സാധിക്കുക. ഹിന്ദു ദൈവത്തിന്റെ പേരാണു ഗോവിന്ദനെങ്കിലും ഞാന്‍ വിശ്വാസിയല്ല, വൈരുദ്ധ്യാത്മക ഭൗതിക വാദിയാണ്.

ഏതെല്ലാം രീതിയിലാണു തിരിച്ചടിയുണ്ടായതെന്നു ജനങ്ങളിൽനിന്നാണു പഠിക്കേണ്ടത്. തെറ്റുതിരുത്തി മുന്നോട്ടുപോയാൽ മാത്രമേ തിരിച്ചടിയിൽനിന്നു കരകയറാൻ കഴിയൂ. ഇടതുപക്ഷത്തിന് വോട്ട് നഷ്ടപ്പെടാൻ ഇടയാക്കിയ ഘടകങ്ങൾ എന്തൊക്കെയാണ്? ശബരിമല പ്രധാന വിഷയമാണ്. സുപ്രീംകോടതി പറഞ്ഞത് നമ്മൾ സ്വീകരിച്ചു. എന്നാൽ ശബരിമല പിടിച്ചെടുക്കാൻ ആർ.എസ്‌.എസ് തീരുമാനിച്ചു. വിട്ടുകൊടുക്കാൻ കഴിയില്ലെന്നു സർക്കാരും തീരുമാനിച്ചു. വിശ്വാസത്തിന്റെ പേരിൽ വർഗീയ വാദികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. എന്നാൽ ശബരിമല വിഷയത്തിൽ സി.പി.എമ്മും സർക്കാരും സ്വീകരിച്ച നിലപാട് തെറ്റിദ്ധരിക്കപ്പെട്ടു എന്നതു വസ്തുതയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.