modi-

പ്രധാനമന്ത്രിപദത്തിൽ രണ്ടാമതും അധികാരത്തിലെത്തുന്ന നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനവുമായി ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോദിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

യു.എ.ഇ, സൗദി തുടങ്ങിയ ഗൾഫ് രാജ്യങ്ങളുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിച്ച നരേന്ദ്രമോദിയുടെ രണ്ടാം വരവിനെ സന്തോഷത്തോടെയാണ് ഭരണാധികാരികൾ സ്വാഗതം ചെയ്തത്. സുഹൃത്തായ നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചതായും ഇന്ത്യ യു.എ.ഇ ബന്ധം കൂടുതൽ ശക്തമാകാൻ ഒരുമിച്ചു നീങ്ങുമെന്നും അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിലൂടെ അറിയിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും നരേന്ദ്രമോദിക്കു അഭിനന്ദനം അറിയിച്ചു.

സൌദിയിലെ ഭരണകൂടത്തിൻറേയും ജനങ്ങളുടേയും പേരിൽ നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങൾക്കു ക്ഷേമവും പുരോഗതിയുമുണ്ടാകട്ടെയെന്നും ആശംസിക്കുന്നതായി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനിം പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനോൻമുഖമായ ഭരണത്തിനുള്ള അംഗീകാരമാണ് വിജയമെന്നു ലുലു ഗ്രൂപ്പ് ചെയ്ർമാൻ എം.എ യൂസഫലി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം ഇസ്ലാമിക രാജ്യങ്ങളുമായി മികച്ച ബന്ധമായിരുന്നു ഇന്ത്യക്കുണ്ടായതെന്നും യൂസഫലി വ്യക്തമാക്കി. അഞ്ചു വർഷത്തെ വികസനത്തിനുള്ള അംഗീകാരമാണ് നരേന്ദ്രമോദിയുടെ വിജയമെന്നു യുഎഇ എക്സ്ചേഞ്ച് ചെയർമാൻ ബി.ആർ.ഷെട്ടി പറഞ്ഞു.