k-surendran

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മാദ്ധ്യമങ്ങളിൽ നിറഞ്ഞ വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. വോട്ടിങ് യന്ത്രങ്ങൾക്കെതിരായി ഉയർന്ന ആരോപണങ്ങളിലും വിവിപാറ്റ് വിഷയത്തിലും കേരളത്തിലെ മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്ത രീതിക്കെതിരെയും സുരേന്ദ്രൻ തുറന്നടിച്ചു.

ഈ തെരഞ്ഞെടുപ്പിൽ നാലായിരം അസംബ്ലി മണ്ഡലങ്ങളിലായി 20265 വിവിപാറ്റുകൾ എണ്ണി. ഒരെണ്ണം പോലും മിസ് മാച്ച് ഇല്ല. വോട്ടെണ്ണലിന്റെ തൊട്ടുമുമ്പേ മൂന്നിടത്ത് ഉപയോഗിക്കാത്ത പോളിംഗ് സാമഗ്രികൾ തിരിച്ചുകൊണ്ടുപോവുകയായിരുന്ന വാഹനങ്ങൾ തടഞ്ഞുവെച്ച് ചിലയാളുകൾ മനപ്പൂർവ്വം പടച്ചുവിട്ട ഒരു വ്യാജവാർത്ത നമ്മുടെ മാധ്യമങ്ങൾ വലിയ ആഘോഷമാക്കിയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടേയും വാർത്താധിഷ്ഠിത പരിപാടികളുടേയും ഉള്ളടക്കത്തെ വിമർശിക്കുമ്പോൾ അവർ വ്യക്തിനിഷ്ഠമായി അതിനെ കാണുന്നു എന്നത് ഒരു പതിവുരീതിയായി മാറുന്നതുകൊണ്ട് പലപ്പോഴും പ്രതികരിക്കാൻ ആളുകൾ മടിക്കുന്നു. ആരോഗ്യകരമായ വിമർശനങ്ങൾക്കുള്ള ഇടം ചുരുങ്ങുമ്പോഴാണ് വ്യക്തിഹത്യകളിലേക്കും ട്രോളുകളിലേക്കും ഗോസിപ്പുകളിലേക്കുമൊക്കെ തിരിയുന്നത്.

ഈയിടെ നാം ചർച്ചചെയ്ത ഒരു വാർത്തയെക്കുറിച്ച് പറയാതെ വയ്യ. ഈ തെരഞ്ഞെടുപ്പിൽ നാലായിരം അസംബ്ലി മണ്ഡലങ്ങളിലായി 20265 വിവിപാറ്റുകൾ എണ്ണി. ഒരെണ്ണം പോലും മിസ് മാച്ച് ഇല്ല. വോട്ടെണ്ണലിന്റെ തൊട്ടുമുമ്പേ മൂന്നിടത്ത് ഉപയോഗിക്കാത്ത പോളിംഗ് സാമഗ്രികൾ തിരിച്ചുകൊണ്ടുപോവുകയായിരുന്ന വാഹനങ്ങൾ തടഞ്ഞുവെച്ച് ചിലയാളുകൾ മനപ്പൂർവ്വം പടച്ചുവിട്ട ഒരു വ്യാജവാർത്ത നമ്മുടെ മാധ്യമങ്ങൾ വലിയ ആഘോഷമാക്കി.തുടർന്ന് അന്തിച്ചർച്ചകളുണ്ടായി.

പതിവുപോലെ ജെ. എൻ. യു നിരീക്ഷകരും ആങ്കർമാരും സി. പി. എം കോൺഗ്രസ്സ് ചർച്ചകരും മോദിക്കെതിരെയുള്ള വലിയ ആയുധമാക്കി ചർച്ചകൾ കൊഴുപ്പിച്ചു. ചർച്ചയിൽ അതിഥിയായി പങ്കെടുത്ത ഒരു പ്രമുഖ മലയാളം ചാനലിന്റെ സി. ഇ. ഓ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും വേദനിപ്പിച്ചതും അദ്ഭുതപ്പെടുത്തിയതും. അതീവ ഗൗരവമേറിയ ഒരു പ്രശ്നമാണിതെന്നും നമ്മുടെ ജനാധിപത്യത്തെ ഇത് കളങ്കപ്പെടുത്തുകയാണെന്നും അദ്ദേഹം ഉൽക്കണ്ഠപ്പെട്ടു. മോദി ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം തകർക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ നിരുത്തരവാദപരമായ പ്രചാരവേലയെ അദ്ദേഹം എന്തുകൊണ്ടാണ് ചങ്കുതൊടാതെ വിഴുങ്ങിയത്? വോട്ടെണ്ണലിനുശേഷം പ്രതിപക്ഷം വിഴുങ്ങിയ ഈ ആരോപണം ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ആധികാരിക വൃത്താന്തമായി അദ്ദേഹം ജനങ്ങളുടെ മുന്നിൽ വെച്ചത്? ഉത്തരം തേടിപ്പോകുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും നമുക്ക് ബോധ്യമാവുന്നത്.

നീചമായ സ്വന്തം കക്ഷിരായ്ട്രീയ ബോധം നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞ് ജനങ്ങളുടെ മേൽ വിറ്റഴിക്കുന്ന ഈ സൃഗാല നീതി തുടങ്ങിയിട്ട് നാളുകളെത്രയായി എന്നറിയാൻ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ട. 2014 മെയ് അവസാനം മുതൽ 2019 മെയ് 23 വരെയുള്ള കവർസ്ടോറികളുടേയും പറയാതെ വയ്യകളുടേയും ക്ളിപ്പിംഗുകളെടുത്ത് ഒരാവർത്തി കണ്ടുനോക്കുന്ന ഏതൊരാൾക്കും ഈ വസ്തുത ബോധ്യപ്പെടും. മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയമാവാം. എന്നാൽ ആ രാഷ്ട്രീയം ചുളുവിൽ വിറ്റഴിക്കാനുള്ളതല്ല ഇത്തരം പൊതു ഇടങ്ങൾ. അടുത്ത അഞ്ചു വർഷവും ഇതുതന്നെ തുടരും. അപ്പോഴും രാജ്യവും മോദിയും മുന്നോട്ടുതന്നെ പോവുകയും ചെയ്യും.