കേരളത്തിന്റെ വടക്കേയറ്റത്ത് സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നയിടമാണ് പരിയാരം മെഡിക്കൽ കോളേജ്. സഹകരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ ആശുപത്രി സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചികിത്സാലയമായിരുന്നു. സർക്കാർ ഈയടുത്ത് ഏറ്റെടുത്തതിനാൽ ചികിത്സാമേഖലയിൽ ഒട്ടേറെ മാറ്റങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ടിവിടെ. പരിയാരം മെഡിക്കൽ കോളേജിലെ 'ഹൃദയാലയ" എന്ന ഹൃദ്രോഗചികിത്സയ്ക്കുള്ള പ്രത്യേകവിഭാഗം നേരത്തെ തന്നെ മികച്ച പ്രവർത്തനങ്ങളിലൂടെ ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു.
ഈയടുത്ത് ലക്നൗവിൽ നടന്ന കൊറോണറി ആൻജിയോ പ്ളാസ്റ്റി ചെയ്യുന്ന കാർഡിയോളജിസ്റ്റുകളുടെ ദേശീയ സംഘടനയായ നാഷണൽ ഇന്റർവെൻഷൻ കൗൺസിലിലാണ് നാലാം സ്ഥാനമെന്ന നേട്ടം ഹൃദയാലയ സ്വന്തമാക്കിയത്. അഭിമാനകരമായ ഈ അംഗീകാരം നേടാൻ കഴിഞ്ഞത് കൂട്ടായ്മയുടെ കരുത്തും സമയം നോക്കാതെ ജോലിയിൽ ജീവനക്കാർ കാണിക്കുന്ന സമർപ്പണ മനോഭാവവും കൊണ്ടാണെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. എസ്. എം. അഷ്റഫ് ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ഫണ്ടും പരിഗണനയും ലഭിക്കുകയാണെങ്കിൽ ഇതിലുമേറെ ചെയ്യാൻ ഹൃദയാലയയ്ക്ക് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഇവിടെ എത്തുന്ന ഒരു രോഗി പോലും ചികിത്സ ലഭിക്കാതെ തിരിച്ചു പോയിട്ടില്ലെന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
സ്വന്തം ഹൃദയാലയ
ഹൃദയചികിത്സാരംഗത്തെ തിളക്കമാർന്ന ഈ നേട്ടം ഏറെ അഭിമാനകരമാണ്. മറ്റുമെഡിക്കൽ കോളേജുകളെ അപേക്ഷിച്ച് കാർഡിയോളജി വിഭാഗം, ഹൃദയാലയ എന്ന പേരിൽ പ്രത്യേകമായാണ് ഇവിടെ പ്രവർത്തിക്കുന്നത്. കേരളത്തിലെ ആദ്യത്തെ എക്സ്ക്ളൂസീവ് കാർഡിയാക്ക് സെന്ററും ഇതു തന്നെ. പൂർണ സജ്ജമായ രണ്ട് കാത്ത് ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മൂന്നു ഷിഫ്റ്റുകളിലായാണ് ഹൃദയാലയയുടെ പ്രവർത്തനം ഒരുക്കിയിരിക്കുന്നത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള രോഗികളാണ് ഇവിടെ കൂടുതലായും എത്തുന്നത്.
24 മണിക്കൂറും ഇവിടെ ഹൃദയചികിത്സ ലഭ്യമാണെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രത്യേക വിഭാഗമായതുകൊണ്ടു തന്നെ രോഗികൾക്ക് വേണ്ടി പരമാവധി ചെയ്യാൻ ടീം വർക്കിലൂടെ സാധിക്കുന്നുണ്ട്. ഹൃദയാലയ പതിനഞ്ചുവർഷം മുമ്പാണ് സ്ഥാപിച്ചത്. ഒരു ദിവസം മുന്നൂറോളം രോഗികൾ ഇവിടെ ഒ.പിയിൽ വരുന്നുണ്ട്, ഐ.പിയിൽ ഇരുന്നൂറോളം രോഗികളും. കേരളത്തിലെ തന്നെ ഏറ്റവും വലിയ കാർഡിയാക്ക് ഐ.സി.യുവാണ് ഇവിടെയുള്ളത്. ഇന്ത്യയിൽ തന്നെ ലഭ്യമായ ഏറ്റവും ആധുനികമായ കാർഡിയാക്ക് പ്രൊസീജ്വറുകൾ ഇവിടെ ചെയ്യുന്നുണ്ട്. കൂട്ടായ്മയിലൂന്നിയ പ്രവർത്തനമികവാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്. പതിനാലുവർഷമായി ഞാൻ ഇവിടെ പ്രവർത്തിക്കുകയാണ്. അതീവശ്രദ്ധയോടെ, സമർപ്പണമനോഭാവത്തോടെ പതിനെട്ടുമണിക്കൂറോളം പ്രവർത്തിക്കുന്ന ഹൃദയാലയ ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സർക്കാർ പദ്ധതികളെല്ലാം തന്നെ പൂർണമായി വിജയകരമായി ഇവിടെ നടപ്പിലാക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഹൃദയ ചികിത്സ കാരുണ്യാപദ്ധതി പ്രകാരം ചെയ്യുന്നതും ഇവിടെയാണ്. സർക്കാരിന്റെ എല്ലാ പദ്ധതികളിലും ഏറ്റവും മുൻനിരയിൽ തന്നെ ഞങ്ങളുണ്ട്.
മികവിന്റെ പുതിയ സാദ്ധ്യതകൾ
നാലുജില്ലകളിലായി ഏതാണ്ട് 65 ലക്ഷത്തോളം ആളുകൾ പ്രത്യക്ഷമായും പരോക്ഷമായും പരിയാരം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നുണ്ട്. ഹൃദയാലയെ സംബന്ധിച്ചു പറയുകയാണെങ്കിൽ കഴിഞ്ഞ അഞ്ചുവർഷമായി വൈകീട്ട് നാലുമണിക്ക് ശേഷം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. എങ്കിൽപ്പോലും ലഭ്യമായ സൗകര്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഒരു രോഗിയെയും പറഞ്ഞുവിടാതെ സ്വീകരിക്കാനുള്ള മനസ് കാണിച്ചിട്ടുണ്ട്. ഇതുവരെ തുടർന്ന മാനേജ്മെന്റുകളും സർക്കാരും ഈ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്നു. സഹകരണമേഖലയിലെ ചികിത്സാലയമായതിനാൽ പ്രത്യേക പരിഗണന നൽകുന്നതിനും സർക്കാരിന് പരിമിതിയുണ്ടായിരുന്നു.
ആവശ്യത്തിനുള്ള ഫണ്ടിന്റെ ലഭ്യതക്കുറവ് ഹൃദയാലയയുടെ കുതിപ്പിനെ ബാധിച്ചു. സർക്കാർ ആശുപത്രിയുമല്ല, സ്വകാര്യ ആശുപത്രിയുമല്ല എന്ന സ്ഥിതിയും വികസനത്തെ ബാധിച്ചു. ഈ കുറവുകൾക്കിടയിലും ജീവനക്കാരുടെ സമർപ്പണമനോഭാവം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയെ പോലെയോ, മലബാർ കാൻസർ സെന്റർ പോലെയോ അതാത് മേഖലകളിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഒട്ടേറെ അനുകൂലഘടകങ്ങൾ ഹൃദയാലയയ്ക്കുണ്ട്. ആവശ്യത്തിനുള്ള സ്ഥലസൗകര്യമാണ് ഇതിൽ ഏറെ പ്രധാനം. നേവൽ അക്കാഡമി, സി. ആർ.പി. എഫ്, ഇൻഫന്ററി ബറ്റാലിയൻ, എയർപോർട്ട് തുടങ്ങി കേന്ദ്രസഹായം ലഭിക്കുന്നതിനുള്ള സാദ്ധ്യതകളും ഇവിടെയുണ്ട്. ദേശീയ സെമിനാറുകളിൽ ഏഴുതവണ ലൈവ് കേസ് പ്രസന്റേഷൻ നടത്തിയതും ഹൃദയാലയയുടെ മികവുകളിൽ ഉൾപ്പെടുന്നു.
സാധാരണക്കാരുടെ ആശാകേന്ദ്രം
രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് ഹൃദയാലയയുടെ പ്രവർത്തനം. വടക്കൻ കേരളത്തിൽ ജനസാന്ദ്രത ഏറെയുള്ളതിനാൽ കൂടുതൽ രോഗികളെ പരിശോധിക്കുന്നതിനായാണ് മറ്റു ചികിത്സാലയങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ നേരം നീണ്ടു നിൽക്കുന്ന ഒ.പി ഒരുക്കിയിട്ടുള്ളത്. കർണാടക, കേരള അതിർത്തി മുതൽ തുടങ്ങി കോഴിക്കോട്ടെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് വരെ നീളുന്ന രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. 2003-04 കാലഘട്ടത്തിൽ ഇവിടെ കാത്ത് ലാബ് സ്ഥാപിച്ചത് തന്നെ പൂർണ സജ്ജമായാണ്. ആധുനിക സൗകര്യങ്ങളെല്ലാമുള്ള കേരളത്തിലെ അഞ്ച് കാത്ത് ലാബുകളിൽ ഒന്നും ഹൃദയാലയയുടേതായിരുന്നു എന്നതും തലയുയർത്തിപ്പിടിക്കാൻ കഴിയുന്ന നേട്ടമായിരുന്നു. മനസും സമർപ്പണവുമുണ്ടെങ്കിൽ സ്വപ്നങ്ങൾ സഫലമാകും എന്നതിന് ഏറ്റവും മികച്ച മാതൃകയും ഹൃദയാലയയാണ്. 2006 ൽ കാർഡിയാക് വാസ്കുലാർ കോഴ്സ് ആദ്യമായി തുടങ്ങിയത് ഇവിടെയായിരുന്നു. പിന്നീടാണ് ഈ കോഴ്സ് മറ്റിടങ്ങളിലും തുടങ്ങിയത്. എം.എസ്സി നഴ്സിംഗ്, കാർഡിയോ വാസ്ക്കുലാർ നഴ്സിംഗ് തുടങ്ങിയ കാർഡിയോളജി മേഖലയിലെ പുതിയ കോഴ്സുകൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്. പരിയാരം മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പലായി ഡോ. എൻ. റോയി ചുമതലയേറ്റതോടെ മുന്നോട്ടുള്ള കുതിപ്പിലാണ് ഇപ്പോൾ ഹൃദയാലയ എന്നും പറയാം. പരിമിതി കാരണം മറ്റു ആശുപത്രികളിൽ നിന്നുള്ള റഫറൽ കേസുകൾ പരിഗണിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. അതുൾപ്പെടെ മാറണമെന്നാണ് ഹൃദയാലയ മുന്നോട്ടുവയ്ക്കുന്ന സ്വപ്നം.
മൂന്ന് അത്യാഹിത വിഭാഗങ്ങളിലായി ആകെ 39 കിടക്കകൾ, പത്ത് വെന്റിലേറ്ററുകൾ, 46 കിടക്കകൾ മാത്രമുള്ള വാർഡ്, ഇതിനെല്ലാം പുറമേ ഊണും ഉറക്കവും ത്യജിച്ച് ജോലി ചെയ്യാൻ സദാസന്നദ്ധരായ മുപ്പതിൽ താഴെ മാത്രം സംഖ്യയുള്ള ഡോക്ടർമാർ. ഇതാണ് രാജ്യത്തെ ഏറ്റവും മികച്ച (ടോപ്പ് 10) കാർഡിയോളജി വിഭാഗങ്ങളിൽ എട്ടാമതായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിന്റെ കൈമുതൽ. രാജ്യത്തെ മുൻകിട സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോടും സ്വന്തം പരിമിതികളോടും മത്സരിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. കഠിനാദ്ധ്വാനവും പരിശ്രമവും മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ ലക്നൗവിൽ നടന്ന നാഷണൽ ഇന്റർവെൻഷൻ കൗൺസിൽ മീറ്റിംഗിലായിരുന്നു ഈ അംഗീകാരം. 2018ൽ നടന്ന കൊറോണറി ആൻജിയോപ്ലാസ്റ്റികളിൽ 3,924 എണ്ണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കൂടാതെ ഏറ്റവും നല്ലരീതിയിൽ ഡാറ്റാബേസ് കൈകാര്യം ചെയ്തതിനും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രത്യേകം അംഗീകാരം നേടി. സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ കോളേജ് ആശുപത്രിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. തെക്കൻ കേരളത്തിലെ പേരുകേട്ട ആതുരാലയമായ ഇവിടം സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് പുറമെ അതിർത്തിക്കടുത്തുള്ള തമിഴ്നാട്ടിലെ ജില്ലകൾക്കും പ്രധാന ആശ്രയമാണ്. 3,000ത്തിലധികം കിടക്കകളുള്ള ഈ ആശുപത്രിയിൽ വർഷം തോറും 8,00,000 രോഗികൾക്ക് ഇൻ പേഷ്യന്റ് സേവനവും 75,00,000 രോഗികൾ ഒ.പിയിലും ചികിത്സ തേടിയെത്തുന്നുണ്ട്.
ഈ കൈകളിൽ ഹൃദയം ഭദ്രം
മുറിയുടെ ഇടതുഭാഗത്തായി കൃത്യമായി അടുക്കി ഒതുക്കിയ മേശ. മെഡിക്കൽ പുസതകങ്ങളും മെഡിക്കൽ ഉപകരണങ്ങളും സ്റ്റെതസ്കോപ്പും കരുതലോടെ സൂക്ഷിച്ചിരിക്കുന്നു. ചുവരിലെ സി.സി.ടി.വിയിൽ അത്യാഹിത വിഭാഗത്തിന്റേയും ഓപ്പറേഷൻ തിയറ്റുകളുടെയും ലൈവ് ദൃശ്യങ്ങൾ മിന്നിമാഞ്ഞുകൊണ്ടിരിക്കുന്നു. വാതിലിന്റെ തൊട്ടടുത്തെ മുറിയിൽ ഒരു കട്ടിലുണ്ട്, 24 മണിക്കൂറും ഇടതടവില്ലാതെ പ്രവർത്തിക്കേണ്ട വിഭാഗത്തിലെ മേധാവി രാത്രിയിൽ വിശ്രമിക്കാനുള്ളതാണത്. മെഡിക്കൽ കോളേജിലെ പഴയ കെട്ടിടത്തിൽ ഹൃദ്രോഗ വിഭാഗത്തിനോട് ചേർന്നുള്ള ഹൃദ്രോഗ വിഭാഗം മേധാവിയുടെ മുറിയിലെ കാഴ്ചകളാണിവ. ഇവിടെയിരുന്നാണ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. സുനിതാ വിശ്വനാഥൻ തന്റെ ടീമിനൊപ്പം ഈ നേട്ടമുണ്ടാക്കിയത്.
എൺപതിലേറെ വർഷത്തെ പാരമ്പര്യം പറയാനുണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിന്. 1960കളിലാണ് ഡോ. സി.കെ. ഗോപിയുടെ നേതൃത്വത്തിൽ ഹൃദ്രോഗ വിഭാഗമെന്ന സ്വപ്നത്തിലേക്ക് കാൽവയ്ക്കുന്നത്. സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകുകയായിരുന്നു ലക്ഷ്യം. ശേഷമെത്തിയ ഡോ.കെ.പി. ചന്ദ്രശേഖരനും ആ സ്വപ്നത്തിനൊപ്പം നടന്നു. ആദ്യ വകുപ്പ് മേധാവിയായത് ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.ശ്രീധരൻ പോറ്റിയാണ്. ശേഷം ഡോ. വിജയരാഘവൻ, ഡോ.സി.ജി. ബാഹുലേയൻ, ഡോ. കെ. സുരേഷ് എന്നിങ്ങനെ പലരും ഈ പദവിക്ക് അഭിമാനമായി. 2009ലാണ് ഡോ. സുനിതാ വിശ്വനാഥൻ വകുപ്പ് മേധാവിയായി ചുമതലയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് സ്ഥലമാറ്റം കിട്ടിയ രണ്ടു വർഷമൊഴിച്ചാൽ (2014-16) ഹൃദ്രോഗ വിഭാഗം ഈ ഡോക്ടറുടെ കയ്യിൽ ഭദ്രമാണ്. രണ്ടുവർഷം മാത്രമേ മേധാവിയായിരുന്നുള്ളുവെങ്കിലും ഡോ.ജോർജ് കോശിയും മികച്ച പ്രവർത്തനമായിരുന്നു കാഴ്ച വച്ചത്.
ഹൃദ്രോഗ വിഭാഗത്തിലെ ഒ.പിയിൽ മാത്രം ദിവസം 650 പേർ ചികിത്സ തേടിയെത്തുന്നു. എക്കോലാബിൽ 100 പേരിൽ കുറയാതെ ദിവസവും കാർഡിയോഗ്രാഫി ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ സർക്കാരിന്റെ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് സാധാരണക്കാരായ രോഗികൾക്ക് ലഭ്യമാക്കുന്നതെന്ന് ഡോ. സുനിത പറയുന്നു. വിശേഷ ദിവസങ്ങളിലടക്കം മൂന്ന് ഷിഫ്റ്റുകളിലായി പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടം ജീവനക്കാരാണ് തന്റെ ശക്തിയെന്നും അവർ പറഞ്ഞു.
ലോകനിലവാരത്തിലുള്ള കാത്ത് ലാബ്
ഏറ്റവും കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് മെഡിക്കൽ കോളേജിലെ കാത്ത് ലാബുകളിൽ ലഭിക്കുന്നത്. വൻകിട സ്വകാര്യ ആശുപത്രികളോടുപോലും കിടപിടിക്കുന്ന കാത്ത്ലാബുകളാണ് നിലവിൽ ഇവിടെയുള്ളത്. 1997 ൽ ഡോ.വിജയരാഘവൻ മേധാവിയായിരുന്ന കാലത്താണ് കെ.എച്ച്.ആർ.ഡബ്ലിയു. എസ്. ലോണെടുത്ത് ആശുപത്രിയിലെ ആദ്യ കാത്ത് ലാബ് സ്ഥാപിച്ചത്. ഇത് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് 2009ൽ പി.എം.എസ്.എസ്. വൈ ഫണ്ട് ഉപയോഗിച്ച് ആധുനിക സംവിധാനങ്ങളുൾപ്പെടുത്തിയ കാത്ത് ലാബ് ആരംഭിച്ചു. 2018 അവസാനം മറ്റൊരു കാത്ത് ലാബ് കൂടി സ്ഥാപിച്ചു. കാർഡിയോളജി വിഭാഗം മേധാവിയുൾപ്പെടെ യൂണിറ്റ് മേധാവികളായ മറ്റ് സീനിയർ പ്രൊഫസർമാരുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് എമർജൻസി ആൻജിയോ പ്ലാസ്റ്റിയുൾപ്പെടെയുള്ള കേസുകൾ നടത്തുന്നത്. ആദ്യ കാത്ത് ലാബ് സ്ഥാപിച്ചത് മുതൽ ഹൃദയസംബന്ധമായ അസുഖത്തിന് മെച്ചപ്പെട്ട ചികിത്സ മെഡിക്കൽ കോളേജിലും ലഭ്യമായിരുന്നു. ഓരോ രോഗിക്കും ആധുനിക ആശുപത്രികളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ഹാർഡ്വെയർ, മുന്തിയയിനം സ്റ്റെന്റുകൾ, മരുന്നു പുരട്ടിയ ബലൂണുകൾ, റോട്ടാബ്ലേറ്റർ, എഫ്.എഫ്.ആർ, ഡിസ്പോസിബിൾ ഡ്രേപ്സുകൾ, ഗൗണുകൾ എന്നിവയാണ് ഇവിടെയും ഉപയോഗിക്കുന്നത്.
ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമായ കാത്ത് ലാബ് 24 മണിക്കൂറും വിശ്രമമില്ലാതെയാണ് പ്രവർത്തിച്ച് വരുന്നത്. ആൻജിയോപ്ലാസ്റ്റിക്കൊപ്പം പേസ്മേക്കർ വച്ചു പിടിപ്പിക്കൽ, ഹൃദയ സുഷിരമടയ്ക്കൽ, ഹൃദയപേശികളുടെ പ്രവർത്തന മാന്ദ്യം പരിഹരിക്കൽ, കാർഡിയാക് അറസ്റ്റിനുള്ള ചികിത്സ എന്നിവയടക്കം ഇവിടെ നടന്നു വരുന്നു. ഒരു മാസം 450 മുതൽ 600 കേസുകൾ വരെ ആൻജിയോ പ്ലാസ്റ്റികളാണ് നടന്ന് വരുന്നത്. ഹാർട്ട് അറ്റാക്ക് ആൻജിയോ പ്ലാസ്റ്റി മാത്രം കഴിഞ്ഞവർഷം 1200 ൽപ്പരം ഉണ്ടായിരുന്നു. ഈ വർഷം മുമ്പത്തേക്കാൾ കൂടുതൽ ആൻജിയോപ്ലാസ്റ്റികൾ ചെയ്യാൻ കഴിയുമെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ.സുനിത വിശ്വനാഥൻ പറഞ്ഞു. പാവപ്പെട്ട രോഗികൾക്ക് കൈതാങ്ങാകാൻ മികവിന്റെ പാതയിൽ ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും ആദ്യം വേണ്ടത് പുതിയൊരു കാത്ത് ലാബാണെന്ന് ഡോക്ടർ പറയുന്നു. ഹൃദ്രോഗ ചികിത്സയ്ക്കായി അത്യാധുനിക സംവിധാനങ്ങളായ കൊറോണറി ഇമേജിംഗ്, ഒപ്റ്റിക്കൽ കൊഹറൻസ്, 3 ഡി മാപ്പിംഗ് തുടങ്ങിയ സംവിധാനങ്ങൾ കൂടി ഇനി സജ്ജമാക്കേണ്ടിയിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.