ആരാണ് കെ. പത്മനാഭൻ നായർ എന്ന കൂടത്തിൽ പത്മനാഭൻ നായർ? പ്രക്ഷേപണത്തിൽ പലതിന്റെയും തുടക്കക്കാരൻ. കേരളത്തിൽ റേഡിയോ പ്രചാരത്തിലാകുന്നതിന് മുമ്പ് മദ്രാസ് കേരള സമാജം സുഹൃത്തുക്കളുമായി ചേർന്ന് മദ്രാസ് ആകാശവാണിയിൽ കുറ്റമറ്റ മലയാള റേഡിയോ നാടകം അവതരിപ്പിച്ചതും, ഡൽഹിയിൽ രണ്ടാം ലോകയുദ്ധത്തിന് പിന്നാലെ മലയാളവാർത്ത തുടങ്ങിയപ്പോൾ 'വായിക്കുന്നത് പത്മനാഭൻ" എന്ന മുഖവുരയോടെ ആദ്യമായി മലയാളത്തിൽ വാർത്ത വായിച്ചതും, സ്വാതന്ത്ര്യാനന്തരം കേരളത്തിലെ പ്രഥമറേഡിയോ നിലയം കോഴിക്കോട് തുടങ്ങിയപ്പോൾ ആദ്യാവസാനക്കാരനായതും ഒരു സവ്യസാചിയെപ്പോലെ വൈവിദ്ധ്യമാർന്ന പരിപാടികൾ ഒരുക്കൂട്ടിയതും കെ. പത്മനാഭൻ നായർ എന്ന പ്രക്ഷേപ പ്രതിഭയായിരുന്നു.
പ്രക്ഷേപണകലയുടെ 'കുലപതി" എന്ന് ആരെയങ്കിലും വിശേഷിപ്പിക്കാമെങ്കിൽ അത് പത്മനാഭൻ നായരെ മാത്രമാണ്. റേഡിയോ പരിപാടിയുടെ ജീവാത്മാവും പരമാത്മാവുമായ രചനയും, പരിപാടിയുടെ സംവിധാനവും അദ്ദേഹത്തിന് ഏറെ വഴങ്ങി. കോഴിക്കോട്ടും തിരുവനന്തപുരത്തും ജോലിചെയ്യവെ പ്രക്ഷേപണ സരണിയിലെ മിന്നുന്ന നക്ഷത്രങ്ങളായ ഉറൂബും, തിക്കോടിയനും പി. ഭാസ്കരനും കെ. രാഘവനും, കെ.എ. കൊടുങ്ങല്ലൂരും, ഉദയഭാനുവും ടി.എൻ. ഗോപിനാഥൻ നായരും, രാമൻകുട്ടി നായരും, രാധാമണിയും, ജഗതിയും, നാഗവള്ളിയും മറ്റും അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. പ്രക്ഷേപണ ശാസ്ത്രത്തിന്റെ അവസാനവാക്കായ പത്മനാഭൻ നായർ ഏറെക്കാലം ലളിതസംഗീത നാടക, ചിത്രീകരണ, സ്പോർട്സ് കമന്ററി വിഭാഗത്തിലും മിന്നിത്തിളങ്ങി, അതും ഒടുങ്ങാത്ത ആവേശത്തോടെ. കുഞ്ഞാലിമരയ്ക്കാർ, സ്വാതിതിരുനാൾ, കുറവനും കുറത്തിയും (ഇടുക്കി ഡാമിന്റെ കഥ), കേരളത്തിലെ താളമേളങ്ങൾ (ആദ്യമായി മലയാള പ്രക്ഷേപണത്തിന്റെ ദേശീയ പുരസ്കാരം നേടിയ സംഗീതിക) എന്നിവയിൽ ദർശിച്ച പുതുമകലർന്ന സംവിധാനപാടവം അനാദൃശ്യമായിരുന്നു. സിനിമകൾക്ക് രചന നിർവഹിച്ചുപോന്ന അദ്ദേഹം ഏതാനും ഗ്രന്ഥങ്ങളും രചിച്ചിരുന്നു. ആ സവിശേഷമായ നിർമ്മാണ കരവിരുത് ശ്രോതാക്കൾ അതിന് മുമ്പോ പിന്നീടോ സാക്ഷ്യം വഹിച്ചിട്ടില്ല. റേഡിയോ നാടകങ്ങൾ നമ്മുടെ സാഹിത്യത്തിന്റെ ഭാഗമാണെന്നും അതിന് ഒരു സുപ്രധാന ഇടമുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തി. ഡ്രാമയും ഡോക്യുമെന്ററിയും ചേർന്ന നിരവധി ഡോക്യുഡ്രാമയ്ക്ക് മലയാളത്തിൽ പ്രചാരം നൽകി.
റേഡിയോ നാടകങ്ങൾ, ചിത്രീകരണങ്ങൾ, ലളിതഗാനം, റേഡിയോ കമന്ററികൾ, പുറംവാതിൽ ചിത്രീകരണങ്ങൾ എന്നിവയിൽ അനിഷേധ്യമായ സാമർത്ഥ്യമാണ് പത്മനാഭൻ നായർ പ്രദർശിപ്പിച്ചിരുന്നത്. പ്രക്ഷേപണകലയുടെ കാന്തിക മണ്ഡലത്തിൽ അദ്ദേഹം വന്നുപെട്ടത് യാദൃശ്ചികമായാണ്. അന്ന് മദിരാശി മറീന ബീച്ചിൽ സമയം പോക്കാനായി ഇരുന്ന സുഹൃത്തുക്കളായ എ.എം. റഹീം (പിന്നീട് ഗവർണറായി) നാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട രാമകൃഷ്ണ മേനോൻ എന്നിവർ മദിരാശി ആകാശവാണി നിലയത്തിൽ അന്ന് വികലമായ മലയാളത്തിലുള്ള ഒരു പ്രക്ഷേപണം കേട്ടു (ആഴ്ചയിൽ അരമണിക്കൂർ അന്ന് അവിടെ മലയാളം പരിപാടി ഉൾപ്പെടുത്തിയിരുന്നു). അത് തികച്ചും അസഹനീയമായപ്പോൾ അടുത്തുള്ള റേഡിയോ നിലയത്തിലേക്ക് ഓടിക്കയറിയ ആ മലയാളി സഹൃദയർ 'ഇത് പറ്റില്ല മലയാണ്മയെ കൊല്ലരുത്" എന്ന് ആക്രോശിച്ചു. ശാന്തനും കുശാഗ്രബുദ്ധിയുമായ ജി.പി. ശക്തിധരൻ നായർക്കായിരുന്നു മലയാളം പരിപാടിയുടെ ചാർജ്. ഒന്നന്ധാളിച്ചുവെങ്കിലും അദ്ദേഹം വന്നുകയറിയവരോട് ഒരു വെല്ലുവിളി നടത്തി.
'എന്നാൽ നിങ്ങൾ വന്നു പരിപാടി നിർമ്മിക്കൂ, സൗകര്യം ചെയ്തുതരാം" പിന്നീട് മദിരാശിയിൽ കിട്ടാവുന്ന നല്ല നല്ല സ്ത്രീപുരുഷ ശബ്ദങ്ങൾ കോർത്തിണക്കി പത്മനാഭൻ നായരുടെ മണ്ണിന്റെ മണമുള്ള രചനകൾക്ക് ജീവൻ നൽകി മദിരാശി നിലയത്തിൽ മലയാളം നാടകങ്ങൾ ജനിച്ചുവീണു. ഇത് മലയാളവാണിയുടെ വലിയ വഴിത്തിരിവായിരുന്നു. ആ പഴയ തുടക്കം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമാണ്. തന്റെ ജീവിതകഥ പറയുന്ന 'റേഡിയോ തരംഗ'ത്തിൽ പത്മനാഭൻ നായർ തന്നെ ഇതെല്ലാം തെല്ലൊരു അഭിമാനത്തോടെ പ്രസ്താവിച്ചിട്ടുണ്ട്. വാർത്താ എഡിറ്ററായും, വായനക്കാരനായും, സംഗീത രചയിതാവായും, ഡോക്യുമെന്ററി പ്രൊഡ്യൂസറായും അഭിമുഖക്കാരനായും, നാടകരചയിതാവായും അവതാരകനായും ശബ്ദവിന്യാസരംഗത്തെ വിദഗ്ധനായും ഏറെ വാഴ്ത്തപ്പെട്ട പത്മനാഭൻ നായർ പ്രക്ഷേപണകലയുടെ നല്ലൊരു പാഠപുസ്തകമാണ്.
കനൽവഴിയിലൂടെ നടന്നുവന്ന കലാകാരനാണ് പത്മനാഭൻ നായർ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് അദ്ദേഹത്തിന്റെ സ്വദേശമായ പയ്യന്നൂർ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ തിളച്ചുമറിയുന്ന കാലം. പയ്യന്നൂരിൽ വിദ്യാഭ്യാസകാലത്തുതന്നെ നാടകാഭിനയം അദ്ദേഹത്തിന്റെ ദൗർബല്യമായി. നല്ല ഗായകനും കൂടിയായ പത്മനാഭൻ നായർ അരങ്ങിൽ തിളങ്ങിയത് അന്നത്തെ ചങ്ങാതിമാരായ അത്തായി രാമൻ മാസ്റ്റർ, കുഞ്ഞപ്പൻ മാസ്റ്റർ, എ.കെ. കുഞ്ഞിരാമപ്പൊതുവാൾ എന്നിവർ സ്വാതന്ത്ര്യസമരക്കാലത്ത് അരങ്ങ് തകർത്ത നാടകങ്ങളിലാണ്.
പ്രസിദ്ധ കാവ്യകാരനും പണ്ഡിതനും ആയുർവേദ ആചാര്യനുമായിരുന്ന വി.പി. ശ്രീകണ്ഠപ്പൊതുവാൾ രചിച്ച 'സന്താനഗോപാലം" കുട്ടമത്തിന്റെ 'ബാലഗോപാലൻ" തുടങ്ങിയ നാടകങ്ങളിൽ അന്ന് അരങ്ങു തകർത്ത നടനായിരുന്നു യുവാവായ കെ. പത്മനാഭൻ നായർ. മഹാകവി കുട്ടമത്തിന്റെ ബാലഗോപാലൻ തന്മയത്വത്തോടെ രംഗത്ത് പകർത്തിയ ഓർമ്മ അദ്ദേഹത്തിന്റെ സമകാലികനും സ്വാതന്ത്ര്യ സമര പ്രവർത്തകൻ വി.പി. അപ്പുക്കുട്ടപ്പൊതുവാൾ സ്മരിക്കുന്നുണ്ട്. അവർ, മഹാകവി പത്മനാഭൻ നായരെ നീലേശ്വരത്തെ നാടകവേദിയിൽ കടന്നുചെന്ന് മുക്തകണ്ഠം പ്രശംസിച്ചുവത്രെ! വലിയ കുലീന കുടുംബത്തിൽ ജനിച്ചുവളർന്ന അദ്ദേഹം കലയ്ക്കുവേണ്ടി സ്വയം അർപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മദിരാശിയിൽ ജോലി തേടിപ്പോയ പത്മനാഭൻ നായർ കേരള സമാജത്തിന്റെ നേതൃസ്ഥാനീയനായി. എം. ഗോവിന്ദൻ, ഡോ.എസ്.കെ. നായർ തുടങ്ങിയ മറുനാടൻ മലയാളികൾക്കിടയിൽ പത്മനാഭൻ നായർ ശോഭിച്ചു. അദ്ദേഹത്തിന്റെ പാവ് മുണ്ട് എന്ന ബൃഹദ് നോവൽ കണ്ണൂരിലെ നെയ്ത്തുകാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് എഴുതിയത്. മദിരാശിയിലെ സ്വകാര്യ കമ്പനിയിലെ ജോലി രാജിവച്ച് അദ്ദേഹം ആകാശവാണിയിൽ പ്രവേശിച്ച് ഉദ്യോഗസ്ഥനായി എന്നു മാത്രമല്ല ആ സ്ഥാപനത്തിന്റെ 'നട്ടെല്ലാ"യി ഏറെക്കാലം പലനിലയങ്ങളിലും പ്രവർത്തിച്ചു. ഇടക്കാലത്ത് പത്മനാഭൻ നായരെ കമ്മ്യൂണിസ്റ്റ് എന്ന് മുദ്രകുത്തി ജോലിയിൽ നിന്ന് നീക്കിയെങ്കിലും അന്ന് പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി. ഇടപെട്ട് അദ്ദേഹം ജോലിയിൽ തിരിച്ചെത്തി.
പ്രസിദ്ധ ഗായിക ശാന്താപൊതുവാൾ (ശാന്ത പി. നായർ) പത്മനാഭൻ നായരുടെ സഹധർമ്മിണിയായിരുന്നു. മകൾ ലത രാജു ഗായികയും ദൂരദർശനിൽ ഡയറക്ടറുമായിരുന്നു. ജാമാതാവ് ജെ.എം. രാജു ഏറെക്കാലം സിലോൺ റേഡിയോയിലെ കലാകാരനായിരുന്നു. ശാന്താ പി. നായരുടെ ജ്യേഷ്ഠത്തി ഇന്ദിരാ പൊതുവാളും പ്രക്ഷേപണരംഗത്തായിരുന്നു. അവരുടെ ഭർത്താവ് പ്രശസ്ത പ്രക്ഷേപകനും, കലാവിമർശകനുമായിരുന്ന ഈ.എം.ജെ വെണ്ണിയൂരായിരുന്നു.തികച്ചും മായികമായ കലാഭൂമികയിൽ പ്രത്യേകിച്ചും കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ മിന്നിത്തിളങ്ങിയ പത്മനാഭൻ നായർ എന്ന കലാകാരൻ തന്റെ ജീവിതത്തിലും പ്രവർത്തന പന്ഥാവിലും ഒറ്റയാനായി വ്യക്തിമുദ്ര പതിപ്പിച്ച സാമൂഹിക ബോധ്യമുള്ള വിപ്ലവകാരിയാണ്. 'രണ്ടാം ബർദോളി" എന്ന് പുകൾപെറ്റ പയ്യന്നൂരിന് അദ്ദേഹം ഒരർത്ഥത്തിൽ വിപ്ലവകാരിയായ സന്താനമാണ്. മകൾ ലത രാജുവിന്റെ ഉദ്യമത്തിൽ പത്മനാഭൻ നായരുടെ ജന്മശതാബ്ദി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് ഈ വർഷം.
(പ്രശസ്തമാദ്ധ്യമപ്രവർത്തകനും
എഴുത്തുകാരനുമാണ് ലേഖകൻ
ഫോൺ: 94473 21100)